ആലപ്പുഴ: കനത്ത മഴയെത്തുടർന്ന് കുട്ടനാട്ടിൽ ജലനിരപ്പുയർന്നതോടെ മൂന്ന് പാടശേഖരങ്ങളിൽ മടവീഴ്ചയുണ്ടായി. നിരവധി വീടുകളും വെള്ളത്തിലായി. മട വീണ് വെള്ളം ഇരച്ചു കയറിയതോടെ വീടുകളുടെ മേൽക്കൂരയോളം വെള്ളം പൊങ്ങി. വീട്ടുസാധനങ്ങളിൽ പലതും വെള്ളത്തിൽ ഒലിച്ചുപോയി. വീടുകളിൽ കുടുങ്ങിപ്പോയവരെ ഇന്നലെ രാവിലെയോടെ രക്ഷിച്ച് ബോട്ടുകളിൽ ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
ഇന്നലെ പകൽ മഴയ്ക്ക് ശമനമുണ്ടായെങ്കിലും കുട്ടനാട്ടിൽ ജലനിരപ്പ് താഴുന്നില്ല. വെള്ളം കയറിയതിനെത്തുടർന്ന് ആലപ്പുഴ - ചങ്ങനാശേരി റോഡിൽ ഇന്നലെയും കെ.എസ്.ആർ.ടി.സി സർവീസുകൾ നിറുത്തിവച്ചു. ശനിയാഴ്ച രാത്രിയിലാണ് മൂന്ന് പാടശേഖരങ്ങളിൽ മട വീണത്. രണ്ടാം കൃഷിയിറക്കിയ മറ്റ് പാടശേഖരങ്ങളും മടവീഴ്ച ഭീഷണിയിലാണ്. ജില്ലയിലെ 6 താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലായി 824 കുടുംബങ്ങളിലെ 2836 പേരെ മാറ്റിപ്പാർപ്പിച്ചു.