photo

ആലപ്പുഴ: പ്രളയ ദുരന്തത്തിന് ഒരു വർഷം തികയവേ, നടുക്കുന്ന ആ ഓർമ്മകളുമായി കൈനകരിക്കാർ വീണ്ടും ക്യാമ്പുകളിലേക്ക് എത്തിത്തുടങ്ങി.

കൈനകരി പഞ്ചായത്ത് 14,15വാർഡുകളിലെ 495 കുടുംബങ്ങളാണ് ആലപ്പുഴ എസ്.ഡി.വി.ജെ.ബി സ്കൂളിലെ ക്യാമ്പിൽ കഴിയുന്നത്.. മടവീഴ്ച പ്രദേശങ്ങൾ സന്ദർശിച്ച കളക്ടർ ഡോ. അദീല അബ്ദുള്ള സുരക്ഷിത സ്ഥലത്തേക്ക് മാറണമെന്ന് നിർദേശിച്ചു. തുടർന്നാണ് റവന്യു, പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ ഇവരെ ബോട്ടിലും മറ്റുമായി ആലപ്പുഴയിലേക്ക് മാറ്റിയത്.

കഴിഞ്ഞ വർഷത്തെ പ്രളയത്തിന്റെ ഓർമ്മ കണക്കിലെടുത്താണ് ഒഴിഞ്ഞുമാറിയതെന്ന് കൈനകരി സ്വദേശിനി ഗീത പറഞ്ഞു.. അന്ന് മണിക്കൂർ കൊണ്ടാണ് പ്രദേശം വെള്ളത്തിൽ മുങ്ങിയത്. ഇന്നലെ വളർത്തു മൃഗങ്ങളെ പൊക്കമുള്ള ബണ്ടുകളിലും പാലത്തിലും കെട്ടിയ ശേഷമാണ് നാട്ടുകാർ ക്യാമ്പുകളിലേക്ക് പോയത്.

ഇന്നലെ പുളിങ്കുന്ന് പഞ്ചായത്തിലെ അഞ്ച് കുടുംബങ്ങൾ ആലപ്പുഴയിലെ ക്യാമ്പിൽ എത്തിയെങ്കിലും ഉദ്യോഗസ്ഥർ രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ല.കൈനകരി പഞ്ചായത്തുകാർക്ക് മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിയുകയുള്ളു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഗർഭിണിയും വൃദ്ധരും ഉൾപ്പെട്ടവരാണ് ക്യാമ്പിൽ എത്തിയത്. ക്യാമ്പ് സന്ദർശിക്കാൻ എത്തിയ കൊടിക്കുന്നിൽ സുരേഷ് എം.പി ഇടപെട്ട് ക്യാമ്പിന്റെ ചുമതലയുള്ള തഹസീൽദാരോടു ക്യാമ്പിൽ എത്തിയ മുഴുവൻ പേരെയും പഞ്ചായത്ത് നോക്കാതെ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകി. തുടർന്ന് ഇവരെയും ഉൾപ്പെടുത്തുകയായിരുന്നു. ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ട് ഗവർണർ രാജേഷ് പോളരിക്കലിന്റെ നേതൃത്വത്തിലുള്ള അംഗങ്ങൾ ദുരിതബാധിതർക്ക് പായ്, പുതപ്പ്, വസ്ത്രങ്ങൾ തുടങ്ങിയവ വിതരണം ചെയ്തു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ അലോപ്പതി, ഹോമിയോ മെഡിക്കൽ സംഘങ്ങൾ ക്യാമ്പിലെത്തി അംഗങ്ങളെ പരിശോധിച്ച് മരുന്ന് നൽകി..