അമ്പലപ്പുഴ: ദേശീയപാതയിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിക്ക് എതിർവശത്തായി, ലോറിയിൽ കൊണ്ടുവന്ന മാലിന്യങ്ങൾ തള്ളിയത് നാട്ടുകാർക്ക് ദുരിതമായി.
കഴിഞ്ഞ ദിവസം രാത്രിയോടെ ടിപ്പർ ലോറിയിലാണ് പ്ലാസ്റ്റിക്, ടയർ, പ്ലാസ്റ്റിക് കുപ്പികൾ, അഴുകാത്ത മാലിന്യങ്ങൾ തുടങ്ങിയവ ചാക്കിൽക്കെട്ടി ഇവിടെ നിക്ഷേപിച്ചതെന്ന് നാട്ടുകാർ പറയുന്നു. മാലിന്യം നീക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് രണ്ടു മാസം മുൻപ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രദേശത്തെ മാലിന്യങ്ങൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നീക്കിയിരുന്നതാണ്.
ശക്തമായ മഴയെ തുടർന്ന് മാലിന്യക്കൂമ്പാരം കൊതുകുകളുടെ കേന്ദ്രമായി മാറാൻ സാദ്ധ്യതയുണ്ട്. കാൽനട, വാഹന യാത്രക്കാർക്ക് അസഹനീയമായിരിക്കുകയാണ് ദുർഗന്ധം. സമീപത്തുള്ള മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും മാലിന്യ കൂമ്പാരം ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.