ചേർത്തല: മഴ തുടരുന്നതോടെ താലൂക്കിൽ വ്യാപക നാശം.ഇന്നല ഉണ്ടായ കനത്തമഴയിലും കാറ്റിലും നഗരസഭ കൗൺസിലറുടെ വീട് പൂർണമായും 21 വീട് ഭാഗികമായും തകർന്നു.
മുനിസിപ്പൽ 17-ാം വാർഡ് കൗൺസിലർ പുത്തൽപുരയ്ക്കൽ ഗിരിജ രവീന്ദ്രന്റെ വീടാണ് തകർന്നത്. ഷീറ്റ് മേഞ്ഞ വീടിന് മുകളിലേക്ക് സമീപത്ത് നിന്ന വൻ മരം കടപുഴകി പതിക്കുകയായിരുന്നു.നാല് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് റവന്യു വകുപ്പിന്റെ പ്രാഥമിക നിഗമനം.മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി ഇന്നലെ തുറന്നു.ഇതോടെ ക്യാമ്പുകളുടെ എണ്ണം അഞ്ചായി.
അരൂർ ഗവ. എച്ച്.എസ്, ചേർത്തല നോർത്ത് വില്ലേജിലെ കണ്ണികാട്ട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ,മാരാരിക്കുളം ഗവ.എൽ.പി സ്‌കൂൾ എന്നിവിടങ്ങളിലാണ് പുതുതായി ക്യാമ്പുകൾ തുറന്നത്. അരൂരിൽ 19ഉം കണ്ണികാട്ട് 59 ഉം മാരാരിക്കുളത്ത് ഒരു കുടുംബവുമടക്കം 387 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്.
ചേർത്തല നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്.കഞ്ഞിക്കുഴി പഞ്ചായത്ത് നാലാം വാർഡ് മാളവികയിൽ അനിൽകുമാറിന്റെയും ചേർത്തല വടക്ക് വില്ലേജിൽ ശിവരാമ സൗധത്തിൽ രാജേശ്വരിയുടെയും വീട് മരം വീണ് തകർന്നു.റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി താലൂക്ക് ഓഫീസിലെ കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.തഹസിൽദാർ ആർ.ഉഷയുടെ നേതൃത്വത്തിലാണ് പ്രവർത്തനം.