kuppupuram

ആലപ്പുഴ: പമ്പ, മണിമല, അച്ചൻകോവിൽ നദികൾ ഭീതിപ്പെടുത്തുംവിധം ഒഴുകവേ, കൈനകരിയിൽ ആശങ്ക നിറയുന്നു. കഴിഞ്ഞ പ്രളയകാലത്ത് മറ്റിടങ്ങളെ അവശേഷിച്ച് ഏറ്റവുമൊടുവിൽ വീടുകളിൽ മടങ്ങിയെത്തിയവരാണ് കൈനകരിക്കാർ. അതുകൊണ്ടുതന്നെ ചെറിയ തോതിൽ വെള്ളം പൊങ്ങുന്നതു പോലും ഇന്നാട്ടുകാരെ ആശങ്കപ്പെടുത്തുന്നുണ്ട്.

പലായനത്തിനുള്ള എല്ലാ തയ്യാറെടുപ്പുമായാണ് ജനങ്ങൾ വീടുകളിൽ കഴിയുന്നത്. പ്രായമായവരെ ബന്ധുവീടുകളിലേക്ക് സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. എന്നാൽ കിഴക്കൻ വെള്ളത്തിന്റെ ഒഴുക്ക് കൂടിയതോടെ കൈനകരിയിലെ ഒട്ടുമിക്ക ഭാഗങ്ങളും വെള്ളത്തിനടയിലായി. മടവീഴാത്ത പാടശേഖരങ്ങൾ രക്ഷിക്കാനുള്ള മാ‌ർഗം തേടുകയാണ് പാടശേഖരസമിതികൾ. പാടശേഖരങ്ങൾക്കായി 28 മുതൽ 32 വരെ ഹോഴ്സ് പവറുള്ള പമ്പുകളാണ് ഇറിഗേഷൻ വകുപ്പ് നൽകുന്നത്. പമ്പിംഗ് നടത്തി നെൽച്ചെടികളെ രക്ഷിക്കാൻ കഴിയുമെന്നാണ് പാടശേഖരസമിതി ഭാരവാഹികൾ പറയുന്നത്. അല്ലെങ്കിൽ രണ്ടാംകൃഷി കൈനകരിക്കാർക്ക് നഷ്ടമാകും.

കൈനകരിയിൽ ബാക്കിയുള്ള 8 പാടശേഖരങ്ങളിൽ മടവീണിട്ടില്ലെങ്കിലും പലേടത്തും ബണ്ട് കവിഞ്ഞ് വെള്ളം ഒഴുകുന്നുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ ഈ ജലനിരപ്പ് തുടർന്നാൽപ്പോലും കൂടുതൽ മടവീഴ്ച പ്രതീക്ഷിക്കാം. കായലിലെ ജലനിരപ്പ് താഴ്ന്നാൽ മാത്രമേ പെട്ടിയും പറയും ഉപയോഗിക്കാൻ കഴിയൂ. അതുകൊണ്ട് ലഭ്യമായ കൂടുതൽ പമ്പുകൾ നിലവിലുള്ള പാടശേഖരങ്ങളെ സംരക്ഷിക്കുന്നതിന് ഉപയോഗിക്കും. മടവീണ സ്ഥലങ്ങളിൽ എത്രയും പെട്ടെന്ന് മടകുത്താനുള്ള തയ്യാറെടുപ്പിലാണ്.

കൈനകരിയിൽ 14 പാടങ്ങളിലായി 130.8 ഹെക്ടറിലാണ് ഇത്തവണ കൃഷി ഇറക്കിയിരിക്കുന്നത്. 23 പാടശേഖരങ്ങളുണ്ട്. മടവീഴ്ചയുണ്ടായ മീനപ്പള്ളി പാടം കുട്ടനാട് പാക്കേജിൽ ഉൾപ്പെട്ടതാണ്. കൈനകരിയിൽ ജനവാസ കേന്ദ്രങ്ങളിലാണ് പാടശേഖരങ്ങൾ കൂടുതലുള്ളത്. കിഴക്കൻ വെള്ളം ജില്ലയിലേക്ക് കൂടുതലായി ഒഴുകി വരാനുള്ള സാദ്ധ്യത കണക്കിലെടുത്ത് നദികളുടെയും ആറുകളുടെയും തീരങ്ങളിൽ താമസിക്കുന്നവരെ ഉയർന്ന പ്രദേശങ്ങളിലേക്കും ക്യാമ്പുകളിലേക്കും മാറ്റി പാർപ്പിച്ചു.