 ജില്ലയിൽ 77 ക്യാമ്പുകളിൽ 11,052 അംഗങ്ങൾ

ആലപ്പുഴ: കിഴക്കൻ വെള്ളത്തിന്റെ വരവും മഴയും കനത്തതോടെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ആളെണ്ണം കൂടുന്നു. കഴിഞ്ഞ വർഷത്തെ ദുരന്തസ്മരണകൾ മറക്കാനുള്ള സമയമായിട്ടില്ലാത്തതിനാൽ, മുൻവിധിയോടെതന്നെ പലരും ക്യാമ്പുകളിലേക്ക് എത്തുന്നുണ്ട്.

ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 77 ആയി. 11,052 പേരാണ് ക്യാമ്പിലുള്ളത്. ചെങ്ങന്നൂർ താലൂക്കിൽ 30 ക്യാമ്പുകളുണ്ട്. മറ്റ് താലൂക്കുകളിലെ ക്യാമ്പുകൾ ഇങ്ങനെ: കുട്ടനാട്- 8, കാർത്തികപ്പള്ളി- 25, മാവേലിക്കര- 8, ചേർത്തല- 4, അമ്പലപ്പുഴ- 2. ക്യാമ്പിലെ അംഗങ്ങളുടെ എണ്ണം: ചെങ്ങന്നൂർ- 2488, കുട്ടനാട്- 1465, കാർത്തികപ്പള്ളി- 4903, മാവേലിക്കര- 918, ചേർത്തല- 163, അമ്പലപ്പുഴ- 1115

മന്ത്രി ജി.സുധാകരൻ ആലപ്പുഴ എസ്.ഡി.വി സ്‌കൂളിലെ ക്യാമ്പുകളിലെത്തി സൗകര്യങ്ങൾ വിലയിരുത്തി. പായയുടെ അഭാവം പലരും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് എത്രയും പെട്ടെന്ന് പായ എത്തിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി. ഉപ്പുമാവ്, പഴം, ബ്രഡ് എന്നിവയായിരുന്നു ക്യാമ്പിൽ രാവിലത്തെ ഭക്ഷണം, ഉച്ചയ്ക്ക് ഊണും. മന്ത്രി തോമസ് ഐസക്കും എസ്.ഡി.വി സ്‌കൂളിലെ ക്യാമ്പ് സന്ദർശിച്ചു. ജെ.ബി സ്‌കൂളിൽ 252 പേരും ബോയ്സിൽ നൂറോളം കുടുംബങ്ങളുമുണ്ട്. ക്യാമ്പംഗങ്ങൾക്കായി ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ അലോപ്പതി, ഹോമിയോ, ആയുർവേദം ഡിസ്‌പെൻസറികളും ക്യാമ്പിനോടനുബന്ധിച്ച് പ്രവർത്തിക്കുന്നു.

 നീരൊഴുക്ക് സുഗമമാക്കും: ജി.സുധാകരൻ

കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടിയ സാഹചര്യത്തിൽ ഒഴുക്ക് സുഗമമാക്കാനുള്ള നടപടികൾ അടിയന്തരമായി ചെയ്യണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കളക്ടറേറ്റിൽ നടന്ന യോഗത്തിൽ മന്ത്രി ജി.സുധാകരൻ നിർദ്ദേശം നൽകി.

കടലിലേക്ക് വെള്ളം ഒഴുകി മാറാനായി തോട്ടപ്പള്ളി, തണ്ണീർമുക്കം,അന്ധകാരനഴി എന്നിവിടങ്ങളിലെ ഷട്ടറുകൾ പൂർണമായും തുറന്നിരുന്നു. തോട്ടപ്പള്ളി പൊഴിമുഖത്തെ ഇരു വശങ്ങളിലും മണൽ കൂടിക്കിടക്കുന്നതിനാൽ ഒഴുക്കിന്റെ ശക്തി കുറയുന്നുണ്ട്, എത്രയും പെട്ടെന്ന് മണൽ നീക്കം ചെയ്യണമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. ജില്ലാ പൊലീസ് മേധാവി കെ.എം. ടോമി, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം അമ്പലപ്പുഴ, കുട്ടനാട് എന്നീ താലൂക്കുകളിലെ തഹസിൽദാർമാരും യോഗത്തിൽ പങ്കെടുത്തു.

 താത്കാലിക ബണ്ട്: തോമസ് ഐസക്

കൈനകരിയിൽ മടവീണ കനകാശേരി, ആറ്പങ്ക് എന്നിവിടങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ മണൽച്ചാക്കിട്ട് ബണ്ട് നിർമ്മിച്ച് വെള്ളം വറ്റിക്കൽ ആരംഭിക്കുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. കർഷകരുടെയും ബണ്ട് നിർമ്മാണ കരാറുകാരുടെയും പാടശേഖര സമിതിക്കാരുടെയും അടിയന്തര യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

കൈനകരിയിൽ രണ്ടിടത്ത് മടവീണിട്ടുണ്ട്. പലേടത്തും ബണ്ട് കവിഞ്ഞ് വെള്ളം ഒഴുകുന്നുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ ഈ ജലനിരപ്പ് തുടർന്നാൽപ്പോലും കൂടുതൽ മടവീഴ്ച പ്രതീക്ഷിക്കണം. ലഭ്യമായ കൂടുതൽ പമ്പുകൾ നിലവിലുള്ള പാടശേഖരങ്ങളെ സംരക്ഷിക്കുന്നതിന് ഉപയോഗിക്കും. മടവീണ സ്ഥലങ്ങളിൽ എത്രയും പെട്ടെന്ന് മടകുത്താൻ സംവിധാനം ഒരുക്കും. നിലവിൽ ചെയ്തുവരുന്ന രീതിയിൽ തെങ്ങിന്റെ കുറ്റികൾ അടിച്ചിറക്കി ചെളികുത്തി ബണ്ട് പിടിപ്പിക്കുന്നതിന് രണ്ടുമാസത്തെ എടുക്കും. കൈനകരിപാടശേഖരത്ത് 25 അടി വീതിയിൽ മണൽ ചാക്കുകൾ നിരത്തി താത്കാലികമായി ബണ്ട് നിർമ്മിച്ച് വെള്ളം പമ്പ് ചെയ്യും. അഞ്ച് ദിവസത്തിനുള്ളിൽ ഇവിടെ പമ്പിംഗ് തുടങ്ങാനാവുമെന്നാണ് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്. അതിനിടെ മണൽച്ചാക്ക് നിറച്ചു വയ്ക്കാൻ കഴിയും. നിറയ്ക്കാനുള്ള മണ്ണ്, സാൻഡ് ബാഗ് എന്നിവ ജില്ലാഭരണകൂടവുമായി ചർച്ച നടത്തി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു. സബ്കളക്ടർ വി.ആർ. കൃഷ്ണതേജ, കൃഷി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ഷൈനി ലൂക്കോസ് തുടങ്ങിയവരും ആലപ്പുഴ എസ്.ഡി.വി സ്‌കൂളിൽ നടന്ന ചർച്ചയിൽ പങ്കെടുത്തു.

 12 പമ്പ് സെറ്റുകൾ: കളക്ടർ

കുട്ടനാട് പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കാനായി 12 പമ്പുസെറ്റുകൾ കൂടി നൽകുമെന്ന് കളക്ടർ ഡോ. അദീല അബ്ദുള്ള പറഞ്ഞു. ഇറിഗേഷൻ വകുപ്പിന്റെ കൈവശമുള്ള 28 പമ്പ് സെറ്റുകളിൽ 16 എണ്ണം വിവിധ പാടശേഖരങ്ങൾക്ക് നൽകിയിട്ടുണ്ട്. ബാക്കിയുള്ള 12 പമ്പുസെറ്റുകൾ കൂടി കൃഷി വകുപ്പ് പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസ് വഴി ലഭ്യമാക്കും. പാടശേഖര സമിതികളുടെ അപേക്ഷകളിൽ അടിയന്തര അന്വേഷണം നടത്തി ആവശ്യാനുസരണം മുൻഗണന ക്രമത്തിൽ പമ്പ് സെറ്റുകൾ വിതരണം നടത്താൻ പ്രിൻസിപ്പൽ കൃഷി ഓഫീസറെ കളക്ടർ ചുമതലപ്പെടുത്തി. ഉപയോഗത്തിനുശേഷം പമ്പുസെറ്റുകൾ കൈപ്പറ്റി 10 ദിവസത്തിനുള്ളിൽ തിരികെ ഏൽപ്പിക്കണമെന്ന നിർദ്ദേശത്തോടെയാണ് വിട്ടുനൽകുകയെന്നും കളക്ടർ അറിയിച്ചു.