അമ്പലപ്പുഴ: തോട്ടപ്പള്ളി പൊഴിയോരത്തെ കാറ്റാടി മരങ്ങൾ വെട്ടാനെത്തിയ പൊലീസ് സംഘത്തെ ജനപ്രതിനിധികളുടെയും സാമുദായിക പ്രതിനിധികളുടെയും നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞത് സംഘർഷത്തിനിടയാക്കി.
പൊഴിയുടെ തീരത്തെ ലേലം ചെയ്ത കാറ്റാടി മരങ്ങൾ വെട്ടാനാണ് എസ്.പി.ടോമി, ഡി.വൈ.എസ്.പി പി.വി ബേബി തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം തോട്ടപ്പള്ളിയിലെത്തിയത്. ദുരന്തനിവാരണ സേനയും ഇവരോടൊപ്പമുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം. കിഴക്കൻ വെള്ളത്തിന്റെ വരവ് വർദ്ധിച്ചതോടെ സ്പിൽവേയുടെ 38 ഷട്ടറുകളും തുറന്നിരിക്കുകയാണ്. എങ്കിലും കടലിലേയ്ക്ക് നീരൊഴുക്ക് സുഗമമാകാതിരുന്നതിനെ തുടർന്നാണ് കാറ്റാടി മരങ്ങൾ വെട്ടാൻ അധികൃതർ എത്തിയത്. എന്നാൽ ഇവ വെട്ടിമാറ്റിയാൽ കടൽക്ഷോഭം ശക്തമാകുമെന്നും കടൽ കരയെടുക്കുമെന്നും നാട്ടുകാർ പറയുന്നു.
കാറ്റാടി മരം വെട്ടുന്നതിന് പകരം പൊഴിയിൽ അടിഞ്ഞിട്ടുള്ള മണ്ണ് മാറ്റി ആഴം വർദ്ധിപ്പിച്ചാൽ നീരൊഴുക്ക് ഉണ്ടാകുമെന്നുമാണ് ഇവർ പറയുന്നത്. ഏതാനും ദിവസം മുൻപ് മരം വെട്ടാനെത്തിയ കരാറുകാരനെയും തൊഴിലാളികൾ തടഞ്ഞിരുന്നു. ജലവിഭവ വകുപ്പ് എക്സി.എൻജിനിയർ, അസി.എൻജിനിയർ, ഡിസാസ്റ്റർ മാനേജ്മെന്റ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പൊലീസ് സംഘത്തോടൊപ്പമുണ്ടായിരുന്നു. പ്രതിഷേധക്കാർ പിന്തിരിയാതിരുന്നതിനെത്തുടർന്ന് രാത്രി എട്ടുമണിയോടെ പൊലീസ് സംഘം മടങ്ങിപ്പോയി.