ആലപ്പുഴ: കഴിഞ്ഞ വർഷത്തെ പ്രളയത്തിന്റെ ഭീതി ഓർമ്മപ്പെടുത്തും വിധം, കുട്ടനാട്ടിൽ അടിക്കടി ജലനിരപ്പ് ഉയരുന്നു. കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടിയതോടെ ഇന്നലെ മാത്രം അരയടിയോളം വെള്ളമാണ് പൊങ്ങിയത്. ഇതോടെ ഒട്ടുമിക്ക വീടുകളിലും നിന്ന് ആളൊഴിഞ്ഞു തുടങ്ങി.
വാട്ടർ അതോറിട്ടിയുടെ 12 പമ്പുകൾ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. വെള്ളം ഇനിയും ഉയർന്നാൽ കൂടുതൽ മടവീഴ്ചയുണ്ടാകും. 20 പാടശേഖരങ്ങളാണ് വെള്ളം കയറി നശിച്ചത്. 3445 ഏക്കർ സ്ഥലത്തെ കൃഷി പൂർണമായും നശിച്ചു. 89 ക്യാമ്പുകളിലായി 16,080 പേരാണുള്ളത്. 46,333 കുടുംബങ്ങൾ ക്യാമ്പിലുണ്ട്.
കുട്ടനാട്ടിലെ പല ഭാഗങ്ങളിലേക്കുമുള്ള കെ.എസ്.ആർ.ടി.സി സർവീസുകൾ നിറുത്തിവച്ചു. ബോട്ടുകൾ കൂടുതൽ സർവീസ് നടത്തിയാണ് ജനങ്ങളെ മറുകരകളിലെത്തിക്കുന്നത്. വലിയ പ്രളയമുണ്ടായാൽ രക്ഷപ്പെടാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ. അത്യാവശ്യം വേണ്ട സാധനങ്ങൾ കിറ്റിൽ തയ്യാറാക്കി വച്ചിരിക്കുകയാണ്. വാഹനങ്ങൾ ഒഴുകിപ്പോകാതിരിക്കാൻ മുൻകരുതൽ എന്നനിലയിൽ കുട്ടനാട്ടിലെ പാലങ്ങൾക്ക് ഇരുവശവുമായി പാർക്ക് ചെയ്തിരിക്കുകയാണ്. കന്നുകാലികളെ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റിക്കെട്ടി. കൂടുതൽ പേരെ ക്യാമ്പിലേക്ക് മാറ്റാനുള്ള ശ്രമവും നടക്കുന്നു. ഇന്ന് കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കും.
ക്യാമ്പിലേക്ക് മാറാത്തവർക്കായി 356 ഭക്ഷണവിതരണ കേന്ദ്രങ്ങൾ കുട്ടനാട്ടിൽ തുറന്നിട്ടുണ്ട്. 16,011 കുടുംബങ്ങളിലെ 70,611 അംഗങ്ങൾക്ക് ഇന്നലെ ഭക്ഷണം നൽകി. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ഓറഞ്ച് അലർട്ടാണിപ്പോൾ. തോട്ടപ്പള്ളി സ്പിൽവേയിൽ നീരൊഴുക്ക് ശക്തമാക്കാനായി പൊഴിമുഖത്തെ കാറ്റാടി മരം മുറിച്ച് നീക്കാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. പൊലീസെത്തി നാട്ടുകാരുമായി അനുരഞ്ജന ചർച്ച നടത്തിയെങ്കിലും അവർ പിന്മാറാൻ തയ്യാറായില്ല.