ഹരിപ്പാട്: രണ്ട് ദിവസമായി ശക്തമായ മഴ ഇല്ലെങ്കിലും അപ്പർകുട്ടനാടൻ മേഖലയിൽ നിരവധി വീടുകളിൽ വെള്ളം കയറി. മഴ ശമിച്ചെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവാണ് പ്രദേശത്തെ ദുരിതത്തിലാഴ്ത്തുന്നത്. ഇന്നലെ വൈകിട്ടോടെ നദികളിൽ ജലനിരപ്പ് നേരിയ തോതിൽ കുറഞ്ഞിട്ടുണ്ട്. നദികളിലെ വെള്ളം തെളിയാൻ തുടങ്ങിയിട്ടുണ്ട്. ഇത് കിഴക്കൻ വെള്ളത്തിന്റെ വരവ് കുറഞ്ഞതിനാലാണെന്ന് നാട്ടുകാർ പറയുന്നു. വീയപുരം, ചെറുതന ഭാഗങ്ങളിൽ മടവീണ് കൃഷി നശിച്ചു. പാടശേഖരങ്ങളിൽ എല്ലാം തന്നെ വെള്ളം കവിഞ്ഞ നിലയിലാണ്. ഇടറോഡുകളിൽ പലതും വെള്ളം കയറി. കാർത്തികപ്പള്ളി താലൂക്കിൽ വീണ്ടും 11 ക്യാമ്പുകൾ കൂടി ആരംഭിച്ചു. താലൂക്കിലെ ആകെ 33 ക്യാമ്പുകളിലായി 2044 കുടുംബങ്ങളിലെ 7398 അംഗങ്ങളാണ് കഴിയുന്നത്. വെള്ളം കയറിയിടങ്ങളിലെല്ലാം ഇപ്പോഴും അതേ അവസ്ഥ തുടരുകയാണ്.
മുതുകുളം തെക്ക് കരുണാമുറ്റം, നഗരൂർ ചിറ എന്നിവിടങ്ങളിലും മുതുകുളം വടക്ക് ചൂളത്തെരുവ്, കൊല്ലകൽ, കുന്നത്തേരിൽ തറയിൽ എന്നീ പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഉള്ള ഭാഗങ്ങളിൽ മുതുകുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജെ.സി.ബി ഉപയോഗിച്ച് നീരൊഴുക്ക് സുഗമമാക്കി.
മുല്ലപ്പുഴ വയലിൽ കൃഷിനാശം
മുതുകുളം മുല്ലപ്പുഴ വയലിൽ വെള്ളം കയറി നെൽ കൃഷി നശിച്ചു. ഇവിടെ വലിയ തോതിൽ വെള്ളം ഒഴുകി കൊണ്ടിരുന്ന തോട് അടുത്തകാലത്ത് ഓടയിട്ട് മൂടിയിരുന്നു. ഇതിലൂടെ വളരെ കുറച്ചു വെള്ളം മാത്രമേ ഇപ്പോൾ ഒഴുകുന്നുള്ളു ഇതുമൂലമാണ് കൃഷി നശിക്കാനിടയായത് എന്ന് നാട്ടുകാർ പറയുന്നു. വടക്കൻ കോയിക്കൽ ക്ഷേത്രവും വെള്ളം കയറിയ അവസ്ഥയിലാണ്.
33
താലൂക്കിൽ ആകെ 33 ക്യാമ്പുകൾ
2044
ക്യാമ്പുകളിൽ 2044 കുടുംബങ്ങൾ
7398
ആകെ 7398 പേർ ക്യാമ്പകളിൽ കഴിയുന്നു