വളളികുന്നം: വള്ളികുന്നത്ത് പോസ്റ്റ് ഓഫീസിലും വ്യാപാര സ്ഥാപനങ്ങളിലും മോഷണം. മണയ്ക്കാട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസിലും സമീപമുള്ള അഞ്ച് വ്യാപാര സ്ഥാപനങ്ങളുൾപ്പടെ ടെലിഫോൺ എക്സ്ചേഞ്ചിന് സമീപമുള്ള കൊല്ലന്റെ ആലയും കുത്തിത്തുറന്ന് മോഷണശ്രമം നടത്തി. പോസ്റ്റ് ഓഫീസിന്റെ ഇരുമ്പ് ഗ്രില്ലിന്റെ താഴുതകർത്ത് ഡോർ കുത്തിത്തുറന്ന് അകത്തുകയറി ലോക്കർ തകർക്കാൻ ശ്രമിച്ചു. തുടർന്ന് ജംഗ്ഷനിലെ സതിയുടെ ഉടമസ്ഥതയിലുള്ള പച്ചക്കറിക്കറിക്കട സുകുവിന്റെ ഉടമസ്ഥതയിലുള്ള ആദിത്യാ ബേക്കറി, ജയമോഹന്റെ ഉടമസ്ഥതയിലുള്ള മുണ്ടുകട, മണയ്ക്കാട് വടക്കേ ജംഗ്ഷനിലെ കുഞ്ഞുമോന്റെ ഉടമസ്ഥതയിലുള്ള സീമാ ഫാൻസി എന്നിവിടങ്ങളിലെ ഷട്ടറുകളും ഗ്രില്ലുകളും തല്ലിത്തകർത്തു. ജയമോഹന്റെ മുണ്ടുകട എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ലാപ്ടോപ്പും മുണ്ടുകളും മോഷ്ടാക്കൾ കവർന്നു.
ഇന്നലെ പുലർച്ചെ 5.30 ഓടെ മണയ്ക്കാട് വടക്കേ ജംഗ്ഷനിലുള്ള കൃഷ്ണാസ്റ്റോഴ്സ് കുത്തിത്തുറക്കുന്നതിനിടയിൽ ശബ്ദം കേട്ട് പുറത്തിറങ്ങിയ ഉടമ ഗോപാലകൃഷ്ണനെ കണ്ട് മോഷ്ടാവ് കൂട്ടാളിയുടെ ബൈക്കിൽ കയറി രക്ഷപെടുകയായിരുന്നു. പ്രദേശത്ത് പുലർച്ചെ രണ്ടുമുതലുള്ള ദൃശ്യങ്ങൾ സമീപമുള്ള വീടുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. വള്ളികുന്നം പൊലീസ് അന്വേഷണം ആരംഭിച്ചു.