a

മാവേലിക്കര: ആറ് പേരിൽ നിന്നു എന്നെ തിരഞ്ഞെടുക്കുമ്പോൾ തന്നെ അതിനർഥം ഭഗവതി എന്നെ അനുഗ്രഹിച്ചു എന്നല്ലേ, മുൻജന്മ സുകൃതം, നിയുക്ത മേൽശാന്തി പട്ടാമ്പി തിരുവേഗപ്പുറ ചെറുമുക്ക് മനയിൽ സി.എസ്.ശ്രീകണ്ഠൻ സോമയാജിപ്പാടിന്റെ (48) ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. ഇനി ലക്ഷ്യം ഭഗവതിയുടെ പാദസേവകനായി ഭക്തമനസുകൾക്കായി നിലകൊള്ളുക എന്നതു മാത്രാണെന്നും ശ്രീകണ്ഠൻ സോമയാജിപ്പാട് പറഞ്ഞു.

ഇന്നലെ രാവിലെ ചെട്ടികുളങ്ങര ക്ഷേത്രത്തിലെത്തിയ അദ്ദേഹം നറുക്കെടുപ്പ് സമയമത്രയും ദേവിയെ കൂപ്പുകൈകളോടെ പ്രാർത്ഥിച്ചുകൊണ്ട് നടയിലുണ്ടായിരുന്നു. ആറ് വർഷം മുമ്പൊരിക്കൽ പൂജ ചെയ്തു ലഭിച്ച തുകയുമായി അച്ഛന്റെ അടുത്തെത്തിയപ്പോൾ ആ കണ്ണുകൾ നിറഞ്ഞു. കൈകൾ ഉയർത്തി തലയിൽ കൈവെച്ച് അനുഗ്രഹിച്ചു. അതിനു ശേഷമാണു നിരവധി ഭാഗ്യങ്ങൾ തേടിയെത്തിയത്. 2016ൽ പട്ടാമ്പി പെരുമടിയൂർ സോമയാഗത്തിനു ആചാര്യ പദവി ലഭിച്ചു. കഴിഞ്ഞ 17 വർഷമായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിവിധ ക്ഷേത്രങ്ങളിൽ മേൽശാന്തിയായി സേവനം ചെയ്യുകയാണ്. ഇപ്പോൾ എറണാകുളം വടക്കൻ പറവൂർ നാറാണം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മേൽശാന്തിയാണ്. മൂന്നാം തവണയാണു ചെട്ടികുളങ്ങര പുറപ്പെടാ മേൽശാന്തി പദത്തിലേക്കു അപേക്ഷ നൽകിയത്.

ഇന്നലെ ഉച്ചപൂജയ്ക്കു ശേഷമാണ് നറുക്കെടുപ്പു ഒരുക്കങ്ങൾ ആരംഭിച്ചത്. ലിസ്റ്റിൽ ഉൾപ്പെട്ട 6 പേരുകളും മേൽശാന്തി എന്നെഴുതിയ നറുക്കും ചുരുട്ടി വ്യത്യസ്ത വെള്ളിക്കുടങ്ങളിലിട്ടു ക്ഷേത്രതന്ത്രി പൂജിച്ച ശേഷം നടയിലേക്ക് കൊണ്ടുവന്ന ശേഷമാണ് നറുക്കെടുപ്പ് ആരംഭിച്ചത്. ചെട്ടികുളങ്ങര ഈരേഴ വടക്ക് കൈലാസത്തിൽ ശ്രീരാജ്, ശ്രീജ ദമ്പതികളുടെ മകളായ 3 വയസുകാരി ശ്രീപാർവതിയാണ് നറുക്കെടുത്തത്. ശ്രീകണ്ഠൻ സോമയാജിപ്പാടിന്റെ പേരും മേൽശാന്തി എന്ന കുറിയും അവസാന ഊഴത്തിലാണു നറുക്കെടുത്തത്.
തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി, ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർമാരായ ജി.ബൈജു, എം.ആർ.യതീന്ദ്രനാഥ്, അസിസ്റ്റന്റ് കമ്മിഷണർ രാജീവ് കുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ പി.ദിലീപ്കുമാർ, ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ പ്രസിഡന്റ് എം.കെ.രാജീവ്, സെക്രട്ടറി ആർ.രാജേഷ് കുമാർ, ട്രഷറർ പി.രാജേഷ്, വൈസ് പ്രസിഡന്റ് എം.മനോജ്, ജോ.സെക്രട്ടറി പി.കെ. റെജി കുമാർ, കൺവൻഷൻ എക്സ്ക്യൂട്ടി​വ് അംഗങ്ങൾ, കരക്കാർ, ഭക്തജനങ്ങൾ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു നറുക്കെടുപ്പ്. നിയുക്ത മേൽശാന്തിയുടെ അവരോധന ചടങ്ങ് ചിങ്ങപ്പുലരി ദിനമായ 17ന് നടക്കും.