y

ഹരിപ്പാട്: അപ്പർകുട്ടനാടൻ കാർഷിക മേഖല ദുരി​തത്തി​ലാണ്. കാർഷിക മേഖലയായ ചെറുതന, പായിപ്പാട്, വീയപുരം, പള്ളിപ്പാട് എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്ക ദുരിതം കൂടുതൽ. ചെറുതന പഞ്ചായത്തിലെ രണ്ടാം വാർഡിലെ കാഞ്ഞിരംതുരുത്ത്, സ്വാമിപ്പോച്ച, പോച്ച, പുത്തൻതുരുത്ത്, കന്നുച്ചാൽപുതുവേൽ എന്നീ സ്ഥലങ്ങൾ വെള്ളത്തിനടിയിലാണ്.

വീയപുരം, പായിപ്പാട്, കാരിച്ചാൽ, പള്ളിപ്പാട് പ്രദേശങ്ങളിലും നിരവധി വീടുകൾ ഒറ്റപ്പെട്ട സ്ഥിതിയിലാണ്. കിഴക്കൻ വെള്ളത്തിന്റെ വരവ് കുറഞ്ഞെങ്കിലും രണ്ടു ദിവസത്തിനുള്ളിൽ നേരി​യ കുറവ് മാത്രമാണ് ജലനിരപ്പിൽ ഉണ്ടായിട്ടുള്ളത്. ചെറുതന പഞ്ചായത്ത് പ്രദേശത്തുള്ള നാലോളം പാടശേഖരങ്ങൾ വെള്ളം കവിഞ്ഞു കയറി കൃഷി നശിച്ച അവസ്ഥയിലാണ്. കർഷകരും ക്ഷീരകർഷകരും വസിക്കുന്ന ഈ മേഖലകളിൽ ക്ഷീരകർഷകരും പ്രതിസന്ധി നേരിടുകയാണ്. തൊഴുത്തുകളിൽ ഉൾപ്പടെ വെള്ളം കയറിയതിനാൽ ഉയരമുള്ള പാലങ്ങളിലും കലുങ്കുകളിലുമായി കന്നുകാലികളെ കെട്ടിയിരിക്കുകയാണ്. തണുപ്പ് കാരണം വളർത്തുമൃഗങ്ങളുടെ ജീവന് തന്നെ ഭീഷണി നേരിടുന്നുണ്ട്. തീറ്റ നൽകാനും കർഷകർ ഏറെ ബുദ്ധിമുട്ടുകയാണ്. പുല്ലും വൈക്കോലും ലഭ്യമല്ലാത്തതിനാൽ വാഴ പിണ്ടി അരിഞ്ഞാണ് നൽകുന്നത്. കഴിഞ്ഞ പ്രളയത്തിൽ കന്നുകാലികൾക്ക് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ സൗജന്യമായി കാലിത്തീറ്റ വിതരണം ചെയ്തിരുന്നു.

ഓണ വിപണി മുന്നിൽ കണ്ട് പച്ചക്കറി- എത്തവാഴ കൃഷി ഇറക്കിയ നിരവധി കർഷകർക്കാണ് കൃഷി പൂർണ്ണമായും നഷ്ടമായത്. തുടർച്ചയായ രണ്ടാം വർഷവും ഏത്തവാഴ കൃഷി നശിച്ച കർഷകരും കൂട്ടത്തിലുണ്ട്.

അരുൺ, പ്രദേശവാസി

ക്യാമ്പുകളിൽ ഭക്ഷണവും വസ്ത്രങ്ങളും ലഭിക്കുന്നുണ്ട്. വളർത്തുമൃഗങ്ങളുടെ തീറ്റയാണ് പ്രതിസന്ധി. വൈക്കോൽ വെള്ളം കയറി നനഞ്ഞ് നഷടമായതിനാൽ കന്നുകാലികൾക്ക് നൽകാൻ കഴിയുന്നില്ല. കന്നുകാലികൾക്കുള്ള തീറ്റ അധികൃതർ എത്തിക്കാൻ തയ്യാറായില്ലെങ്കിൽ അവറ്റകളുടെ ജീവൻ നഷ്ടമായേക്കാം