eh

ഹരിപ്പാട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിവിധ ക്യാമ്പുകൾ സന്ദർശിച്ചു. രാവിലെ 8ന് ആയാപറമ്പ് ഹയർസെക്കൻറി സ്‌കൂളിൽ നിന്നും ആരംഭിച്ച സന്ദർശനം വൈകുന്നേരം വരെ തുടർന്നു. വീയപുരം സ്‌കൂളിൽ പത്ത് മണിയോടെ എത്തിയപ്പോൾ പലരും പ്രഭാത ഭക്ഷണം ലഭിച്ചില്ലെന്ന് പരാതി പറഞ്ഞു. റവയ്ക്ക് പകരം മൈദ മാവ് എത്തിച്ചതും പാകം ചെയ്യാൻ പാചകവാതകം ലഭിക്കാതിരുന്നതും ക്യാമ്പിലുള്ള കുടുംബങ്ങൾ ചൂണ്ടിക്കാട്ടി. തഹസിൽദാർ, വില്ലേജ് ഓഫിസർമാർ എന്നിവരെ ഫോണിൽ ബന്ധപ്പെട്ട് ഇവ പരിഹരിക്കാൻ പ്രതിപക്ഷ നേതാവ് നിർദേശം നൽകി.

ആലപ്പുഴ, കുട്ടനാട്, ഹരിപ്പാട് നിയോജക മണ്ഡലങ്ങളിലെ ക്യാമ്പുകളിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചത്.

ഡി.സി.സി അദ്ധ്യക്ഷൻ എം.ലിജു, ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ്, ചെറുതന പഞ്ചായത്ത് പ്രസിഡന്റ് രത്നകുമാരി, പള്ളിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രകുറുപ്പ്, ബ്ളോക് പഞ്ചായത്തംഗം മിനി കൃഷ്ണകുമാർ തുടങ്ങിയ ജനപ്രതിനിധികൾ, ഹരിപ്പാട് മുനിസിപ്പൽ കൗൺസിലർമാർ എന്നിവരും സന്ദർശിച്ചു.

പ്രത്യേക സൗകര്യം ഒരുക്കണം

വീട്ടി​ൽ വെള്ളം കയറിയതിനെ തുടർന്ന് പലരും ക്യാമ്പുകളിലേക്ക് മാറിയെങ്കിലും കിടപ്പുരോഗികളും ഗുരുതരമായ രോഗം ബാധിച്ചവരും ഇപ്പോഴും വീടുകളിൽ തന്നെ കഴിയുകയാണ്. ഗർഭിണികൾ, കാൻസർ അടക്കമുള്ള രോഗം ബാധിച്ചവർ, ഭിന്നശേഷിയുള്ളവർ എന്നിവർക്കായി പ്രത്യേക സൗകര്യം വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മടവീണ് കൃഷി നശിച്ച പാടശേഖരങ്ങൾക്ക് നഷ്ടപരിഹാരം നൽകാനും അതോടൊപ്പം ഒഴുകിയെത്തിയ മാലിന്യം സംസ്കരിക്കുന്നതിനുള്ള പദ്ധതികളും എത്രയും വേഗം നടപ്പിലാക്കണമെന്നും തയ്യാറാകണമെന്നു ചെന്നിത്തല ആവശ്യപ്പെട്ടു.