ചേർത്തല: മഴ കനത്തതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളമുയരുന്ന സാഹചര്യത്തിൽ താലൂക്കിലെങ്ങും ജാഗ്രത. രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെടുന്നുണ്ടെങ്കിലും അപകടകരമായ സാഹചര്യങ്ങളില്ലെന്നതാണ് പ്രതീക്ഷ നൽകുന്നത്.
നിലവിൽ 7500 വീടുകളോളം വെള്ളക്കെട്ടു ഭീഷണിയിലാണ്. കനത്ത മഴയ്ക്കൊപ്പമുണ്ടാകുന്ന അപ്രതീക്ഷിത കാറ്റ് നാശങ്ങൾക്കിടയാക്കുന്നുണ്ട്. ഇന്നലെ രാവിലെ ദേശീയപാതയിൽ റെയിൽവേ സ്റ്റേഷനു സമീപം കാറിനുമുകളിൽ മരംവീണു. കൊക്കോതമംഗലത്തും കോടംതുരുത്ത് ഗവ.എൽ.പിഎസിലുമായി രണ്ട് ക്യാമ്പുകൾ കൂടി തുറന്നതോടെ താലൂക്കിലാകെ 9 ക്യാമ്പുകളിലായി 2783 പേരാണ് അഭയം തേടിയിരിക്കുന്നത്.
തെക്കൻ പ്രദേശങ്ങളിലെ പെയ്ത്തുവെള്ളം കടലിലേക്കെത്തിക്കുന്ന കരിപ്പേൽചാൽ കരകവിഞ്ഞത് കൂടുതൽ കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വേലിയേറ്റ സമയത്ത് കടലിൽ നിന്ന് തിരികെ വെള്ളംകയറുന്നതാണ് പ്രതിസന്ധിക്കുകാരണമാകുന്നത്. താലൂക്കിൽ ആവശ്യമായത്ര ക്യാമ്പുകൾ അടിയന്തരമായി തുറക്കണമെന്നും സൗജന്യ റേഷൻ അനുവദിക്കണമെന്നും മരുന്നും മറ്റ് ഭക്ഷ്യ വസ്തുക്കളും എത്തിക്കണമെന്നും യു.ഡി.എഫ് ചേർത്തല നിയോജക മണ്ഡലം ചെയർമാൻ പി.വി.സുന്ദരനും കൺവീനർ ആർ.ശശിധരനും ആവശ്യപ്പെട്ടു.