duck

എടത്വാ: കുട്ടനാട്ടി​ൽ വെള്ളം ഉയർന്നതോടെ താറാവുകൾക്ക് പാർപ്പിടവും തീറ്റയും കണ്ടെത്താനാകാതെ താറാവ് കർഷകർ കടുത്ത പ്രതിസന്ധിയിൽ. കുട്ടനാട്ടിലെ എണ്ണൂറോളം താറാവ് കർഷകരാണ് വെള്ളം ഉയർന്നതോടെ താറാവുകളെ സുരക്ഷിതമായി പാർപ്പിക്കാനും, നിത്യേനയുള്ള തീറ്റയ്ക്കും പ്രതിസന്ധി നേരിടുന്നത്. കുട്ടനാട്ടിൽ മിക്ക സ്ഥലങ്ങളിലും വെള്ളം കയറിയതോടെ താറാവുമായി അന്യദേശം തേടേണ്ട അവസ്ഥയാണ്. ആയിരം താറാവുകളുള്ള കർഷകന് പ്രതിദിനം ഒരു ക്വി​ന്റൽ തീറ്റ ആവശ്യമായി വരും. വീട്ടുചെലവിന് പോലും ഇരക്കേണ്ട അവസ്ഥയിൽ താറാവിനുള്ള തീറ്റ കണ്ടെത്താൻ കർഷകർ കഷ്ടപ്പെടുകയാണ്. വെള്ളപ്പൊക്കം കഴിഞ്ഞാൽ ക്ഷീര-നെൽ കർഷകരെ മാത്രമാണ് സർക്കാർ പരിഗണിക്കുന്നതെന്ന് താറാവ് കർഷകർ ആരോപിക്കുന്നു.

ബി​ജുവി​ന്റെ താറാവുകളും ബാദ്ധ്യതയും
തലവടി ചക്കുളം കറുകപ്പറമ്പിൽ ബിജു രണ്ട് പതിറ്റാണ്ടുകളായി താറാവ് പരിപാലനം നടത്തിയാണ് ഉപജീവനം തേടുന്നത്. ഇതിനോടകം താറാവ് കൂട്ടത്തോടെ ചത്ത് ലക്ഷങ്ങളുടെ കടബാദ്ധ്യത നേരിട്ടിരുന്നു. കഴിഞ്ഞ പ്രളയകാലത്ത് 300 ഓളം മുട്ടത്താറാവുകളെ നഷ്ടമായ ബിജുവിന് നാമമാത്രമായ നഷ്ടപരിഹാരമാണ് ലഭിച്ചത്. പരാതിയുമായി പലവാതിലുകളും മുട്ടിയെങ്കിലും ക്ഷീര-നെൽ കർഷകർക്കുള്ള നഷ്ടപരിഹാരത്തിന് മുൻതൂക്കം നൽകാനാണ് സർക്കാരിന്റെ തീരുമാനമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചുവെന്ന് ബിജു പറഞ്ഞു. നിലവിൽ ആയിരത്തോളം മുട്ടത്താറാവുകളുള്ള ബിജുവിന് വെള്ളപ്പൊക്കത്തിന് മുൻപ് 600 ഓളം മുട്ടകൾ നിത്യേന ലഭിച്ചിരുന്നു. മുട്ടകൾ വിറ്റാണ് താറാവുകൾക്കുള്ള തീറ്റ കണ്ടെത്തിയിരുന്നത്. വെള്ളപ്പൊക്കം തുടങ്ങിയതോടെ തീറ്റക്ഷാമം അനുഭവപ്പെടുകയും മുട്ടകൾ കുറയുകയും ചെയ്തു. കഴിഞ്ഞ ദിവസം 22 മുട്ടകൾ മാത്രമാണ് ലഭിച്ചതെന്നും, ഈ മുട്ടകൾ വിറ്റാൽ നൂറ് താറാവിന് പോലും തീറ്റ നൽകാൻ കഴിയാത്ത അവസ്ഥയായിരുന്നു. സമീപവീടുകളിൽ സൂക്ഷിച്ചിരുന്ന അരി വാങ്ങിയാണ് താറാവിന് നൽകിയതെന്ന് ബിജു പറയുന്നു.


35 രൂപ പ്രകാരം അരിവാങ്ങിയാണ് താറാവിന് തീറ്റ നൽകുന്നത്. കടം വാങ്ങിയും ഭാര്യയുടെ കെട്ടുതാലി പണയപ്പെടുത്തിയുമാണ് തീറ്റയ്ക്കുള്ള പണം കണ്ടെത്തുന്നത്. താറാവുകളെ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സ്ഥലം ഇല്ലാത്തതിനാൽ ഓരോ വെള്ളപ്പൊക്ക സമയങ്ങളിലും നിരവധി താറാവുകൾ കൂട്ടംതെറ്റി പോകാറുണ്ട്. ഇതു വലി​യ നഷ്ടമാണ്.

സർക്കാർ പ്രളയകാലത്ത് മറ്റ് കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നപോലെ താറാവിന് തീറ്റയ്ക്കുള്ള തുകയെങ്കിലും നൽകണം.

താറാവ് കർഷകർ

800

കുട്ടനാട്ടി​ൽ ആകെയുള്ളത് എണ്ണൂറോളം താറാവുകർഷകർ