ഹരിപ്പാട്: പള്ളിപ്പാട് കുരുവിക്കാട് ജംഗ്ഷന് പടിഞ്ഞാറ് വശത്തുള്ള സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ എ.ടി.എമ്മിൽ കവർച്ചാ ശ്രമം നടത്തിയ പ്രതി അറസ്റ്റിൽ. പള്ളിപ്പാട് നീണ്ടൂർ കുണ്ടേരേത്ത് വീട്ടിൽ രാജേഷ് (36) നെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് 6 മണിയോടെ അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. മാർച്ച് 20നായിരുന്നു സംഭവം. രാവിലെ പണമെടുക്കാൻ വന്ന ആളാണ് എ. ടി.എമ്മിന്റെ വാതിൽ പൊളിച്ച നിലയിൽ കണ്ടത്. തുടർന്ന് ഇയാൾ ഹരിപ്പാട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. എ.ടി.എമ്മിനുള്ളിലെ കാമറ പെയിന്റടിച്ച് മറച്ച ശേഷമായിരുന്നു മോഷണ ശ്രമം. ഉള്ളിലെ ലൈറ്റുകളും നശിപ്പിച്ചിരുന്നു. ഗ്ളാസുകൊണ്ടുള്ള വാതിൽ ഇളക്കി മാറ്റിയ നിലയിലായിരുന്നു. ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർക്കാനും ശ്രമം നടന്നിരുന്നു. പ്രതി രാജേഷ് മുട്ടം രാജൻ കൊലക്കേസിന്റെ ആസൂത്രകനും മൂന്നാം പ്രതിയുമാണ്.
സി.ഐ ബിജു.വി.നായർ, സി.പി.ഒ മാരായ ശ്രീകുമാർ, ആർ.സാഗർ, ടി.എസ് അഞ്ജു, എ.അക്ഷയ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.