നൂൽ വില്പനയിൽ ലഭിക്കാനുള്ളത് ആറു കോടി
ആലപ്പുഴ: പഞ്ഞിയുടെ ലഭ്യതക്കുറവും സാമ്പത്തിക പ്രതിസന്ധിയും മൂലം കോമളപുരം സ്പിന്നിംഗ് മില്ലിൽ ഉത്പാദനം നിലച്ചിട്ട് ഒരാഴ്ച. സ്കൂൾ യൂണിഫോം ആവശ്യത്തിനായി സർക്കാർ വാങ്ങിയ നൂൽ ഇനത്തിൽ കണ്ണൂരിലെ നാഷണൽ ടെക്സ്റ്റയിൽസ് കോർപ്പറേഷന്റെ കീഴിലുള്ള പിണറായിയിലെ വി.വി മില്ലിൽ നിന്ന് ആറു കോടി രൂപയാണ് ലഭിക്കാനുള്ളത്.
ഒന്നാം ഘട്ടം പൂർത്തീകരിച്ച സ്പിന്നിംഗ് മിൽ നീണ്ട അഞ്ചു വർഷത്തിനുശേഷം 2016ൽ ആണ് തുറന്ന് പ്രവർത്തനം ആരംഭിച്ചത്. 144 തൊഴിലാളികളാണ് ആദ്യ ഘട്ടത്തിലെ പ്രവർത്തനത്തിന് വേണ്ടത്. രണ്ടാം ഘട്ട പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പുതന്നെ കൂടുതൽ ജീവനക്കാരെ നിയമിച്ചത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് വഴിയൊരുക്കി. ആദ്യഘട്ടത്തിൽ സ്ഥാപിച്ച 19 ഫ്രെയിമിൽ 10 എണ്ണമാണ് പ്രവർത്തിക്കുന്നത്. പലവിധ കാരണങ്ങളാൽ ഇപ്പോൾ അഞ്ചിൽ താഴെ ഫ്രെയിം മാത്രമേ പ്രവർത്തിക്കുന്നുള്ളു. അസംസ്കൃത വസ്തുക്കളുടെ കുറവാണ് ശേഷിച്ച ഫ്രെയിമുകളുടെ പ്രവർത്തനത്തെ ബാധിച്ചത്. പണം കൃത്യമായി നൽകാൻ കഴിയാത്തതിനാൽ മഹാരാഷ്ട്രയിൽ നിന്ന് പഞ്ഞി ലഭിക്കാത്തതും പ്രവർത്തനം നിലയ്ക്കാനുള്ള കാരണമായി.
കഴിഞ്ഞ മൂന്ന് വർഷമായി മില്ല് 'കണക്കുപുസ്തക'ത്തിൽ ലാഭത്തിലാണെങ്കിലും ഉത്പന്നങ്ങൾ വിറ്റ പണം ലഭിക്കാത്തതിനാൽ ഒന്നര മാസം കഴിഞ്ഞിട്ടും തുച്ഛമായ വേതനത്തിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് ശമ്പളം നൽകിയിട്ടില്ല. വൈദ്യുതി നിരക്ക് ഇനത്തിൽ 1.10 കോടി രൂപ അടയ്ക്കാത്തതിനാൽ നാല് ദിവസം മുമ്പ് കെ.എസ്.ഇ.ബി അധികൃതർ ഫ്യൂസ് ഊരി. തുടർന്ന് നടത്തിയ ഇടപെടലുകൾക്കു ശേഷം അടുത്ത ദിവസംതന്നെ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു. എങ്കിലും പഞ്ഞി വാങ്ങാൻ പണമില്ലാത്തതിനാൽ ഉത്പാദനം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
67 ശതമാനം പോളിയസ്റ്റർ നൂലും 33 ശതമാനം കോട്ടൺ നൂലുമാണ് ഉത്പാദിപ്പിക്കുന്നത്. ഇതിനുപുറമേ വെള്ള പോളിയസ്റ്റർ വസ്ത്രവും നിർമ്മിക്കുന്നുണ്ട്. തൊഴിലാളികൾക്ക് മിനിമം വേതനമായ 660 രൂപയ്ക്ക് പകരം 400 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതുപോലും കൃത്യമായി നൽകുന്നില്ല.
....................................................
തൊഴിലാളികൾ
# ആവശ്യമുള്ളത്: 144
# നിലവിൽ ഉള്ളവർ: 440
# പ്രതിമാസ ശമ്പളം: 35 ലക്ഷം
............................................
വികസന പദ്ധതി
# ഒന്നാംഘട്ടത്തിൽ യു.ഡി.എഫ് സർക്കാർ അനുവദിച്ചത്:16.31കോടി (ലഭിച്ചത് - 5.81കോടി)
# ഇടത് സർക്കാർ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയത്: 22 കോടി (ഒന്നും ലഭിച്ചില്ല)
..................................................
ധനമന്ത്രി ഇടപെടണം
സ്പിന്നിംഗ് മില്ലിലെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ മന്ത്രി തോമസ് ഐസക് ഇടപെടണം. മില്ലിന്റെ വികസനത്തിനും തൊഴിലാളികൾക്ക് വേതനം ഉൾപ്പടെയുള്ള വിഷയങ്ങളിലും കൂട്ടായ ചർച്ചയിലൂടെ എടുത്ത തീരുമാനം നടപ്പാക്കണം
എ.എ.ഷുക്കൂർ (പ്രസിഡന്റ്, കേരള സ്പിന്നേഴ്സ് എംപ്ളോയീസ് യൂണിയൻ, ഐ.എൻ.ടി.യു.സി)
..........................................................
ബഡ്ജറ്റ് തുക നൽകണം
ടെക്സ്റ്റയിൽസ് കോർപ്പറേഷന് സർക്കാർ ബഡ്ജറ്റിൽ വക കൊള്ളിക്കുന്ന തുക നൽകാത്തതും സ്കൂൾ യൂണിഫോമിനായി കൈത്തറി വികസന കോർപ്പറേഷൻ വാങ്ങിയ നൂലിന്റെ വിലയായ 6 കോടി രൂപ ലഭ്യമാകാത്തതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം
അഡ്വ. വി. മോഹൻദാസ് (പ്രസിഡന്റ്, കേരള സ്പിന്നേഴ്സ് വർക്കേഴ്സ് യൂണിയൻ- എ.ഐ.ടി.യു.സി)
.....................................................................
പണം അനുവദിച്ചു
മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. സ്കൂൾ യൂണിഫോമിന് സർക്കാർ വാങ്ങിയ നൂലിന്റെ വില നൽകാൻ ഉത്തരവിറങ്ങിയിട്ടുണ്ട്. മില്ലിന്റെ പ്രവർത്തനം സാധാരണ നിലയിലാവും. മില്ലിന്റെ തൽസ്ഥിതി കൃത്യമായി ബന്ധപ്പെട്ടവരെയോ സർക്കാരിനെയോ ബോദ്ധ്യപ്പെടുത്തുന്നതിൽ മാനേജ്മെന്റ് വീഴ്ച വരുത്തി
സി.ബി.ചന്ദ്രബാബു (പ്രസിഡന്റ്, കേരള സ്പിന്നേഴസ് വർക്കേഴ് യൂണിയൻ- സി.ഐ.ടി.യു)