 ജാഗ്രതയോടെ ജലഗതാഗത വകുപ്പ്

ആലപ്പുഴ: മഴയുടെ ശക്തി കുറയുകയും കുട്ടനാട്, ചെങ്ങന്നൂർ മേഖലകളിൽ ജലനിരപ്പ് താഴുകയും ചെയ്തതോടെ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. എടത്വയിൽ ഇന്നലെ 1.92 മീറ്റർ വരെ വെള്ളം താഴ്ന്നിട്ടുണ്ട്. പള്ളിപ്പാട് 2.64 മീറ്റർ ആയിരുന്ന ജലനിരപ്പ് ഇന്നലെ 2.5 വരെ താഴ്ന്നു.

എന്നാൽ, വെള്ളക്കെട്ടുമൂലം പുളിങ്കുന്ന്, ചങ്ങനാശേരി ഭാഗങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി സർവ്വീസ് നിറുത്തിവച്ചിരിക്കുകയാണ്. വെള്ളമിറങ്ങിയ ശേഷമേ സർവ്വീസ് പുനരാരംഭിക്കുകയുള്ളൂവെന്ന് ആലപ്പുഴ കെ.എസ്.ആർ.ടി.സി അധികൃതർ വ്യക്തമാക്കി. മങ്കൊമ്പ് വരെയാണ് ഇപ്പോൾ സർവ്വീസ്. മഴക്കെടുതി കണക്കിലെടുത്ത് കൈനകരി, ചമ്പക്കുളം എന്നിവിടങ്ങളിലേക്കും തണ്ണീർമുക്കം വഴി കോട്ടയത്തേക്കും സർവ്വീസുണ്ട്.
ജലഗതാഗത വകുപ്പ് ആലപ്പുഴ ബോട്ട് സ്റ്റേഷന്റെ മേൽനോട്ടത്തിൽ ദുരിത ബാധിത പ്രദേശങ്ങളിൽ ബോട്ട് സർവ്വീസുകൾ നടത്തുന്നുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ എറണാകുളം, മുഹമ്മ എന്നിവിടങ്ങളിൽ നിന്നായി മൂന്നു ബോട്ടുകൾ ആലപ്പുഴയിലെത്തിച്ചു. കോട്ടയത്തെ രണ്ടു ബോട്ടുകൾ, കുത്തൊഴുക്കുമൂലം അവിടെ സർവ്വീസ് നടത്താൻ പറ്റാത്തതിനാൽ ആലപ്പുഴയിൽ നിന്ന് കാഞ്ഞിരം വരെ സർവ്വീസ് നടത്തുന്നുണ്ട്.
ജല ആംബുലൻസായി പ്രയോജനപ്പെടുന്ന രണ്ടു റെസ്‌ക്യു ബോട്ടുകൾ അധികമായി എത്തിച്ചിട്ടുണ്ട്. ഇതോടെ സ്റ്റേഷനു കീഴിൽ മൊത്തം റെസ്‌ക്യു ബോട്ടുകൾ മൂന്നായി. രണ്ടു ബോട്ടുകൾ ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപമുള്ള മാതാ ജെട്ടിയിലും ഒന്ന് നെടുമുടിയിലും സജ്ജമാണ്. ഇതിലൊന്നിന്റെ സർവ്വീസ് ആരോഗ്യ വിഭാഗവുമായി ചേർന്നാണ് നടത്തുന്നത്. പുളിങ്കുന്ന്, നെടുമുടി,കിടങ്ങറ, കാവാലം, കെ.സി പാലം, ചങ്ങനാശേരി തുടങ്ങി വിവിധ സ്ഥലങ്ങൾക്കിടെ സ്‌പെഷ്യലുകൾ ഉൾപ്പെടെ നൂറിലേറെ സർവ്വീസുകളാണ് ആലപ്പുഴ ബോട്ട് സ്റ്റേഷന്റെ മേൽനോട്ടത്തിൽ നടത്തുന്നത്. ആവശ്യമായ റൂട്ടുകളിൽ ഷട്ടിൽ സർവ്വീസുകളുമുണ്ടെന്ന് സ്റ്റേഷൻ മാസ്റ്റർ പറഞ്ഞു.
കൈനകരി, ആർ ബ്ലോക്ക്, കാവാലം, പാണ്ടിച്ചേരി, ആയിരവേലി എന്നിവടങ്ങളിൽ അടിയന്തര സേവനത്തിനായി ദിവസവും വൈകിട്ട് മുതൽ രാവിലെ വരെ ബോട്ടുകൾ സജ്ജമാക്കിയിട്ടുണ്ട്. വെള്ളക്കെട്ട്, മടവീഴ്ച തുടങ്ങിയ സാഹചര്യങ്ങളിൽ കാലതാമസം കൂടാതെ രക്ഷാപ്രവർത്തനം നടത്താനാണിത്.

...................................................

 ഇന്ന് അവധി

കുട്ടനാട് താലൂക്കിലെ അംഗൻവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റ് താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന്കളക്ടർ അവധി പ്രഖ്യാപിച്ചു.

...................................................

 മത്സ്യബന്ധനത്തിന് നിയന്ത്രണം

തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗത്തിൽ ശക്തമായ കാറ്റ് വീശാൻ സാദ്ധ്യതയുള്ള തെക്ക് പടിഞ്ഞാറ് അറബിക്കടൽ പ്രദേശത്തും ചേർന്നുള്ള മദ്ധ്യപടിഞ്ഞാറൻ അറബിക്കടൽ പ്രദേശത്തും നാളെ വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിൽപ്പെടാത്ത ഭാഗത്ത് മത്സ്യബന്ധനത്തിന് തടസമില്ല. ശക്തമായ കാറ്റ് വീശാൻ സാദ്ധ്യതയുള്ള തെക്ക് പടിഞ്ഞാറ് അറബിക്കടൽ പ്രദേശത്ത് 19, 20 തീയതികളിൽ മത്സ്യബന്ധനത്തിന് പോകരുത്.

 ഗുളിക വിതരണം


എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ ഗുളിക ജില്ലയിൽ ഇന്നു മുതൽ ആറു ശനിയാഴ്ചകളിൽ വിതരണം ചെയ്യും. ആശുപത്രികൾ, കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ, ബസ് സ്റ്റാൻഡുകൾ, ബോട്ട്‌ജെട്ടികൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ ഗുളിക സൗജന്യമായി വിതരണം ചെയ്യും. ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റിൽ മന്ത്രി ജി.സുധാകരൻ നിർവഹിക്കും. എ.എം.ആരിഫ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, സബ് കളക്ടർ വി.ആർർ. കൃഷ്ണതേജ തുടങ്ങിയവർ പങ്കെടുക്കും.

 സ്‌നേഹ സാന്ത്വന സേന


കുട്ടനാട്ടിൽ ബണ്ട് നിർമ്മാണത്തിനാവശ്യമായ മണ്ണ് ആലപ്പുഴയിൽ നിന്ന് ചാക്കിൽ നിറച്ച് കൊണ്ടുപോകാൻ ജില്ലാ സാക്ഷരതാ മിഷന്റെ പ്രേരക്മാരും പഠിതാക്കളും അടങ്ങുന്ന സാന്ത്വന സേന. ജില്ലാ സാക്ഷരതാ മിഷൻ കോ-ഓർഡിനേറ്റർ എസ്.പി. ഹരിഹരൻ ഉണ്ണിത്താന്റെ നേതൃത്വത്തിലാണ് സാന്ത്വനസേന പ്രവർത്തിക്കുന്നത്.