omanakuttan

ചേർത്തല: പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ് നടത്തിയ സംഭവത്തിൽ സി.പി.എം ലോക്കൽ കമ്മിറ്റി അംഗത്തിനും ഉദ്യോഗസ്ഥർക്കും വീഴ്ചപറ്റിയെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. ക്യാമ്പ് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഴുവൻ സമയം ഉണ്ടാകേണ്ട ഉദ്യോഗസ്ഥർ ക്യാമ്പിൽ ഇല്ലായിരുന്നു. അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് ലോക്കൽ കമ്മിറ്റി അംഗം ഓമനക്കുട്ടൻ പണപ്പിരിവ് നടത്തിയത്. അതും തെറ്റാണ്. ഇത് സർക്കാരിനും പാർട്ടിക്കും നാണക്കേടുണ്ടാക്കി. ക്യാമ്പിന്റെ നടത്തിപ്പിന് ആവശ്യമായ പണം സർക്കാർ നൽകുന്നുണ്ട്. വീഴ്ചപറ്റിയ ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായി നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.

ഇതിനിടെ, മന്ത്രിയുടെ സമീപത്തുണ്ടായിരുന്ന ഒരാൾ പരാതിയില്ലെന്ന് പറഞ്ഞപ്പോൾ നിങ്ങളുടെ പേരിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കേണ്ടിവരുന്നമെന്ന് മന്ത്രി പറഞ്ഞു.

 ഓമനക്കുട്ടനെതിരെ ജാമ്യമില്ലാ വകുപ്പ്

ചേർത്തല തെക്കു പഞ്ചായത്ത് ആറാംവാർഡ് എസ്.സി കമ്മ്യൂണി​റ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ് നടത്തിയെന്ന പരാതിയെത്തുടർന്ന് സി.പി.എം കുറുപ്പംകുളങ്ങര ലോക്കൽ കമ്മി​റ്റിയംഗം എസ്. ഓമനക്കുട്ടനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം അർത്തുങ്കൽ പൊലീസ് കേസെടുത്തു. ഓമനക്കുട്ടൻ ഒളിവിലാണ്. തഹസിൽദാരുടെ റിപ്പോർട്ടിനെ തുടർന്നാണ് കേസ്. ഓമനക്കുട്ടനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു സസ്‌പെൻഡു ചെയ്തതായി സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ അറിയിച്ചു. ഇന്നലെ വൈകിട്ട് ചേർന്ന ലോക്കൽ കമ്മിറ്റി യോഗം ഇതിന് അംഗീകാരവും നൽകി.

ഓമനക്കുട്ടൻ പണപ്പിരിവു നടത്തുന്ന ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് പാർട്ടിയും സർക്കാരും വിഷയത്തിൽ ഇടപെട്ടത്. തഹസിൽദാർ ആർ.ഉഷ വിഷയം ജില്ലാഭരണകൂടത്തെ അറിയിച്ചു. തുടർന്ന് കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് ചേർത്തല ഡിവൈ.എസ്.പിക്കു പരാതി നൽകിയത്.

അംബേദ്കർ കോളനിയിലെ 136 കുടുംബങ്ങളിലുള്ള 411 അംഗങ്ങളാണ് ക്യാമ്പിലുള്ളത്. ക്യാമ്പിലെ വൈദ്യുതി ചാർജ്ജിനായി 70 രൂപ വീതം ആവശ്യപ്പെട്ടെന്നാണ് പരാതി. ക്യാമ്പിലെ അന്തേവാസി കൂടിയാണ് ഓമനക്കുട്ടൻ. ക്യാമ്പംഗങ്ങളിൽ നിന്ന് ഇതുവരെ പരാതി ഉയർന്നിട്ടില്ലെങ്കിലും ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. മുൻപ് ഇവിടെ ക്യാമ്പ് പ്രവർത്തിച്ചപ്പോഴും സമാനമായ പിരിവുകൾ നടന്ന വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ക്യാമ്പിൽ വൈദ്യുതി ഇല്ലാത്തതിനാൽ സമീപത്തെ വീട്ടിൽ നിന്നാണ് വൈദ്യുതി എടുത്തിരുന്നത്.

 ഉർവശീശാപം ഉപകാരമായി!

പിരിവിലൂടെ വിവാദമായ ക്യാമ്പ് പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ഹാളിൽ ഇന്നലെ വൈകിട്ടോടെ കെ.എസ്.ഇ.ബി അധികൃതർ വൈദ്യുതി കണക്ഷൻ ലഭ്യമാക്കി. 50 ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച കമ്മ്യൂണിറ്റി ഹാൾ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പാണ് ഉദ്ഘാടനം ചെയ്തത്. ചേർത്തല തെക്ക് പഞ്ചായത്തിൽ നിന്ന് നമ്പർ കിട്ടാതിരുന്നതിനാലാണ് വൈദ്യുതി കണക്ഷൻ വൈകിയത്. വൈദ്യുതി ലഭ്യമാക്കാൻ കഴിഞ്ഞ ആഴ്ച കളക്ടർ ഉത്തരവിട്ടിരുന്നു. തുടർന്ന് പഞ്ചായത്ത് 53,000 രൂപ കെ.എസ്.ഇ.ബിയിൽ അടച്ചു. ഇന്നലെ വൈകിട്ടാണ് അധികൃതർ എത്തി കണക്ഷൻ നൽകിയത്.