ഹരിപ്പാട്: റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപെട്ട് പഞ്ചായത്ത് പടിക്കൽ പ്രതിഷേധവുമായി നാട്ടുകാർ. മുതുകുളം ഗ്രാമപ്പഞ്ചായത്തിലെ നാലാം വാർഡിലെ ജനങ്ങളാണ് പഞ്ചായത്ത് ഓഫീസ് പടിക്കൽ പ്രതിഷേധിച്ചത്. ഇന്നലെ രാവിലെ പത്തുമണിയോടെ സ്ത്രീകൾ അടക്കമുള്ള എഴുപത്തഞ്ചോളം പേരാണ് പ്രതിഷേധവുമായെത്തിയത്. ആലക്കോട്ട്-ചിറക്കൽ, കളത്തിൽ-ശങ്കരമംഗലം, ഹൈസ്‌കൂൾ-എസ്.എൻ.എം.യു.പി.സ്‌കൂൾ പാതകൾ സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഈ റോഡുകൾ കോൺക്രീറ്റ് ചെയ്യാൻ രണ്ടു വർഷം മുൻപ് കരാർ നൽകിയെങ്കിലും ജോലികൾ പിന്നീട് നടന്നില്ലെന്നു നാട്ടുകാർ പറഞ്ഞു. ആലക്കോട്ട്-ചിറക്കൽ റോഡിന്റെ ഭൂരിഭാഗം ഭാഗവും പാറകളും വെളളക്കെട്ടുമാണ്. ഇരുചക്രവാഹനങ്ങളുടേയും കാൽനടയാത്രികരുടെയും സഞ്ചാരം പോലും ദുഷ്കരമാണ്. കളത്തിൽ-ശങ്കരമംഗലം റോഡിന്റെ സ്ഥിതിയും സമാനമാണ്. ഹൈസ്‌കൂൾ-എസ്.എൻ.എം.യു.പി.സ്‌കൂൾ നിരവധി വീട്ടുകാരും സ്കൂൾ കുട്ടികളും ദിവസേന ഉപയോഗിക്കുന്ന റോഡാണ്. ഏറെ കാലമായി ആവശ്യപ്പെട്ടിട്ടും നടപടി ഇല്ലാതെ വന്നതോടെയാണ് നാട്ടുകാർ സംഘമായി പഞ്ചായത്ത് പടിക്കലേക്ക് സമരവുമായി എത്തിയത്.