d

ഹരിപ്പാട്: പമ്പയാറ്റിൽ നിന്നുള്ള ശക്തമായ ഒഴുക്കിൽ ചെറുതന പഞ്ചായത്ത് രണ്ടാം വാർഡിൽ പോച്ച, മുലപ്പത്തിൽ പാലം അപകടാവസ്ഥയിൽ. പമ്പയാറ്റിൽ നിന്നുള്ള ശക്തമായ ഒഴുക്കിനെ തുടർന്ന് പാലത്തിന്റെ കാലുകളിലെ കല്ലുകൾ അടർന്നുമാറി ഏതു നിമിഷവും തകർന്നുവീഴാം എന്ന അവസ്ഥയിലാണ്. കിഴക്കെപോച്ച വടക്കു പാടശേഖരത്തിന്റെ പടിഞ്ഞാറു ഭാഗങ്ങളിലേക്ക് കാർഷിക സാമഗ്രികൾ എത്തിക്കാനും, ഈ പാടത്തിന്റെ കരയിൽ താമസിക്കുന്നവർക്ക് സഞ്ചാരത്തിനുമുള്ള ഏക മാർഗമാണ് പാലം. ഏതു നിമിഷവും തകർന്നു വീഴാവുന്ന പാലത്തിലൂടെയുള്ള സഞ്ചാരം അപകടകരമായതിനാൽ പാലത്തിനു സമാന്തരമായി തെങ്ങിൻ തടികൾ ഇട്ട് അതിലൂടെയാണ് നാട്ടുകാർ മറുകര കടക്കുന്നത്. കുട്ടികളും പ്രായമായവരും ഈ തടികളിലൂടെ മറുകര കടക്കാൻ വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഇരുപത് വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച പാലത്തിന്റെ തൂണിന്റെ പാറകല്ലുകൾ കഴിഞ്ഞ പ്രളയത്തിൽ ഇളകി തുടങ്ങിയതാണ്. അധികൃതർ ഇടപെട്ട് അറ്റകുറ്റപണികൾ നടത്തി സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പാലത്തിന്റെ തൂണുകളുടെ അടിയിലെ പാറകൾ ഇളകി ഒഴുകി മാറിയിരിക്കുകയാണ്. ശക്തമായ ഒഴുക്കായതിനാൽ കൂടുതൽ തകരാൻ സാധ്യതയുണ്ട്. മുകളിലെ കോൺക്രീറ്റിന് തകരാർ ഇല്ലെങ്കിലും തൂണുകളുടെ നാശം പാലം നിലം പൊത്താൻ കാരണമാകും. ഒരു രീതിയിലും സുരക്ഷിതമായി യാത്രചെയ്യാൻ കഴിയാത്ത നിലയിലാണ് പാലം.