ആലപ്പുഴ:ചേർത്തലയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് അരി വാങ്ങി കൊണ്ടുവന്നതിന് ആട്ടോ കൂലി കൊടുക്കാൻ 75രൂപയാണ് ഓമനക്കുട്ടൻ പിരിച്ചത്. ഇപ്പോൾ എന്തും ഏതും മൊബെെലിൽ പകർത്തുന്നതാണല്ലോ നാട്ടിലെ പ്രധാന വിനോദപരിപാടി. ഇത് മൊബൈലിൽ പകർത്തിയവർ ക്ളിപ്പിംഗ് ചാനലുകാർക്ക് അയച്ചുകൊടുത്തു. അവർ കിട്ടിയപാടെ ഓമനക്കുട്ടനെ ലോക കള്ളനായി ചിത്രീകരിച്ച് ബ്രേക്കിംഗ് ന്യൂസിട്ടു. ഇതുകണ്ട് ലോക്കൽ കമ്മിറ്റി അംഗമായ ഓമനക്കുട്ടനെതിരെ അച്ചടക്ക നടപടിയുടെ വാളുവീശി പടിഅടയ്ക്കാതെ പാർട്ടിക്ക് പുറത്തുനിറുത്തി. അർത്തുങ്കൽ പൊലീസ് കേസെടുത്ത് 'അഴിമതിയുടെ അടിവേരറുക്കാനുള്ള' അന്വേഷണം തുടങ്ങി. ഒരു മന്ത്രി ഒാമനക്കുട്ടനെ കടിച്ചുകുടഞ്ഞു. ഇതിത്രയും പൂർവകഥ.
യഥാർത്ഥത്തിൽ നടന്നത്
കെ.പി.എം.എസ് സാംസ്കാരിക നിലയത്തിലെ ക്യാമ്പിലേക്ക് അരി വാങ്ങിക്കൊണ്ടുവരേണ്ട ചുമതല ചേർത്തല സൗത്തിലെ റവന്യൂ അധികൃതർക്കാണ്. ക്യാമ്പിൽ ആഹാരപദാർത്ഥങ്ങൾ തീരുമ്പോൾ അംഗങ്ങളോ ചുമതലപ്പെട്ടവരോ നേരിട്ട് വില്ലേജ് ഓഫീസിലെത്തി, ഇന്റെൻഡ് കൈപ്പറ്റി, അരിവാങ്ങി ക്യാമ്പിലെത്തിക്കുന്ന രീതിയാണ് നടക്കുന്നത്. ഈ പതിവാണ് കഴിഞ്ഞ ദിവസവും ആവർത്തിച്ചത്. അരി തീർന്നപ്പോൾ ഓമനക്കുട്ടൻ പോയി അരി വാങ്ങിക്കൊണ്ടുവന്നു. പൊതുപ്രവർത്തകനെങ്കിലും അദ്ദേഹവും ക്യാമ്പംഗമാണ്. അദ്ദേഹത്തിന്റെ കൈയിൽ ഓട്ടോക്കൂലി കൊടുക്കാനുള്ള പണം ഉണ്ടായിരുന്നില്ല. ഓട്ടോക്കാരനെ പറഞ്ഞുവിടാൻ 75 രൂപ ക്യാമ്പംഗങ്ങളിൽ നിന്ന് പിരിച്ചു. ഓട്ടോയ്ക്ക് കൂലി കൊടുക്കാൻ ഒളിച്ചും പാത്തുമല്ല ഓമനക്കുട്ടൻ പണം പിരിച്ചത്. വർഷങ്ങളായി ക്യാമ്പിൽ നടക്കുന്ന രീതിയാണിത്. കറണ്ട് പോലുമില്ലാത്ത ക്യാമ്പാണിത്. തൊട്ടടുത്ത വീട്ടിൽ നിന്നാണ് കറണ്ടെടുക്കുന്നത്. അതിനുള്ള പണം ക്യാമ്പിൽ കഴിയുന്നവർ സ്വരൂപിച്ചാണ് ഇപ്പോഴും നൽകുന്നത്.
ആരാണ് ഒാമനക്കുട്ടൻ ?
കെട്ടിട നിർമ്മാണ തൊഴിലാളിയും സി.പി.എമ്മുകാരനുമായ ഓമനക്കുട്ടൻ പട്ടികജാതിക്കാർക്കായി അനുവദിച്ച വീട്ടിലാണ് താമസിക്കുന്നത്. മഴ പെയ്താൽ ഓമനക്കുട്ടന്റെ വീടും വെള്ളത്തിലാകും. പിന്നെ ക്യാമ്പിലാണ് ജീവിതം. മഴക്കാലത്തെ ക്യാമ്പ് ജീവിതം തുടങ്ങിയിട്ട് 35 വർഷം. അരൂരിലെ ചെമ്മീൻ പീലിംഗ് ഷെഡിലെ തൊഴിലാളിയായ ഭാര്യയും രണ്ട് പെൺമക്കളുമടങ്ങുന്നതാണ് കുടുംബം. ഓമനക്കുട്ടനെതിരെ കേസെടുത്തെന്നറിഞ്ഞപ്പോൾ ക്യാമ്പിലെ 411 പേരും ഒറ്റക്കെട്ടായി ഒാമനക്കുട്ടനൊപ്പം നിന്നു.
ക്ഷമ ചോദിച്ച് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി
കേസ് പിൻവലിച്ചുകൊണ്ടും ഓമനക്കുട്ടനോട് ക്ഷമ ചോദിച്ചുകൊണ്ടും റവന്യൂ പ്രസിസിപ്പൽ സെക്രട്ടറി ഡോ.വേണു ഫേസ്ബുക്കിൽ പോസ്റ്റിട്ടു.അന്വേഷണത്തിൽ മുൻകാലങ്ങളിലും ക്യാമ്പിനാവശ്യമുള്ള പല സേവനങ്ങളും നിസ്വാർത്ഥതയോടെ ചെയ്യുന്ന ഒരാളാണ് ഒാമനക്കുട്ടനെന്ന് ബോദ്ധ്യമായി.പണപ്പിരിവ് നിയമദൃഷ്ട്യാ കുറ്റകരം തന്നെയെങ്കിലും ഓമനക്കുട്ടന്റെ ഉദ്ദേശ്യശുദ്ധിയും പ്രവൃത്തിയിലെ സത്യസന്ധതയും വകുപ്പിനു ബോദ്ധ്യപ്പെട്ടു. ഓമനക്കുട്ടനേറ്റ ക്ഷതങ്ങൾക്ക് ദുരന്തനിവാരണ തലവൻ എന്ന നിലയിൽ ഞാൻ ഖേദിക്കുന്നു,- ഇതാണ് പോസ്റ്റ്. ക്യാമ്പിന്റെ നടത്തിപ്പിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുമെന്ന് മന്ത്രി ജി.സുധാകരനും പാർട്ടിയിൽ നിന്ന് ഓമനക്കുട്ടനെ സസ്പെൻഡ് ചെയ്തത് പിൻവലിച്ചെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസറും അറിയിച്ചു.അർത്തുങ്കൽ പൊലീസ് കേസ് പിൻവലിക്കുകയും ചെയ്തതോടെ എല്ലാം ശുഭമായി. ഇനി ആ പിരിവ് രംഗം പകർത്തി ചാനലിന് അയച്ച വിരുതനെ കണ്ടെത്തി ആദരിക്കുകകൂടി ചെയ്തിരുന്നെങ്കിൽ പരിണാമ ഗുസ്തി ഗംഭീരമായേനെ.