ടോയ്ലെറ്റ് സൗകര്യങ്ങൾ അപര്യാപ്തം
ആലപ്പുഴ: പകലും രാത്രിയും വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികൾ പ്രവഹിക്കുന്ന ആലപ്പുഴ ബീച്ചിൽ ടോയ്ലെറ്റ് സൗകര്യം വേണ്ടവിധം പ്രവർത്തിക്കാത്തത് 'അത്യാവശ്യ' ഘട്ടങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നു.
രണ്ട് ടോയ്ലെറ്റ് സമുച്ചയങ്ങളാണ് ബീച്ചിൽ പ്രവർത്തിക്കുന്നത്. ഒന്ന് വിജയ പാർക്കിനു സമീപത്തും മറ്റൊന്ന് കാറ്റാടി മരത്തിനടുത്തും. കാറ്റാടി മരത്തിന് സമീപമുള്ള ടോയ്ലെറ്റിനെപ്പറ്റി ആർക്കും അറിയില്ല. മഴയായാൽ ആ ഭാഗത്തേക്ക് ആരുംപോകില്ല. മൊത്തം വെള്ളക്കുഴിയാകും. വിജയ പാർക്കിന്റെ സമീപമുള്ള ടോയ്ലെറ്റാണ് കൂടുതൽ പേരുടെയും ആശ്രയം. ഇവിടം സന്ധ്യ മയങ്ങുമ്പോഴേക്കും അടച്ചു പൂട്ടും. രാത്രിയിൽ ടോയ്ലെറ്റിന്റെ അകത്ത് വെളിച്ചവുമില്ല.
രാത്രി 8 വരെ ടോയ്ലെറ്റ് സൗകര്യം ഏർപ്പെടുത്തണമെന്നാണ് ഡി.ടി.പി.സി നിർദ്ദേശം. നിർദ്ദേശമൊക്കെ അവിടെത്തന്നെ കിടക്കും. തോന്നുംപടി മാത്രമേ ടോയ്ലെറ്റുകൾ പ്രവർത്തിപ്പിക്കുകയുള്ളൂ. ആരും ചോദിക്കാനും പറയാനുമില്ലാത്ത അവസ്ഥ. സൗകര്യക്കുറവ് കാരണം വർഷങ്ങളായി ബീച്ചിന്റെ വടക്ക് ഭാഗത്തുള്ള ടോയ്ലെറ്റ് പ്രവർത്തിക്കുന്നില്ല. ഇതിനെതിരെ പരാതി കൂമ്പാരമായപ്പോൾ ടോയ്ലെറ്റ് സമുച്ചയത്തിന്റെ പുനർ നിർമ്മാണം ആരംഭിച്ചെങ്കിലും ഇതുവരെ പൂർത്തീകരിച്ചിട്ടില്ല.
ഒാണത്തിന് മുമ്പ് കെട്ടിടം പണി പൂർത്തീകരിച്ച് തുറന്ന് നൽകുമെന്നാണ് ഡി.ടി.പി.സി അധികൃതർ പറയുന്നത്. എന്നാൽ ഫണ്ട് നൽകാത്തതിനാൽ കരാർ നൽകിയ ഏജൻസി പണി നിറുത്തി വച്ചിരിക്കുകയാണ്. കടൽപ്പാലത്തിനു സമീപമാണ് ഇൗ ടോയ്ലെറ്റ് കെട്ടിടം. ബീച്ചിലേക്ക് കൂടുതൽ ആളുകൾ എത്തുന്നത് ഇൗ ഭാഗത്തേക്കാണ്.
................................................
കടൽ പാലത്തിനു സമീപത്ത് ഒാണത്തിന് മുമ്പായി ഉടൻ ഒരു ബ്ലോക്ക് ആരംഭിക്കും. അകത്ത് കുറച്ച് പണി മാത്രമാണ് ബാക്കി. കരാർ ഏജൻസിക്ക് ഫണ്ട് നൽകുന്ന പ്രശ്നം ഉടൻ പരിഹരിക്കും. ഒരു ടോയ്ലെറ്റ് കൂടി പണിയാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്
(എം.മാലിൻ, ഡി.ടി.പി.സി സെക്രട്ടറി )