അമ്പലപ്പുഴ: പ്രളയത്തിൽ നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ, ആധാരങ്ങൾ, റേഷൻ കാർഡ്, ഹെൽത്ത് കാർഡ്, ആധാർ കാർഡ്, വാഹന സംബന്ധമായ രേഖകൾ തുടങ്ങിയവ പുനർനിർമ്മിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ ജില്ലാ നിയമസേവന അതോറിട്ടി ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി ചേർന്ന് നടപ്പാക്കുന്ന നീതിധാര പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം ആലപ്പുഴ എസ്.ഡി.വി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ലീഗൽ സർവീസസ് അതോറിട്ടി ചെയർമാൻ (ജില്ലാ ജഡ്ജി) എ.ബദറുദ്ദീൻ നിർവ്വഹിച്ചു.
നഷ്ടപ്പെട്ട രേഖകൾ പുനർനിർമ്മിക്കുന്നത് സംബന്ധിച്ച പരാതികൾ തയ്യാറാക്കുന്നതിന് സഹായിക്കാനായി പാരാലീഗൽ വോളണ്ടിയർമാരുടെ സൗജന്യ സേവനം എല്ലാ ക്യാമ്പുകളിലും ലഭ്യമാണ്. ഇതിനായി പാരാലീഗൽ വോളണ്ടിയർമാർ എല്ലാ ക്യാമ്പുകളിലും സന്ദർശിച്ച് സേവനം നല്കുമെന്ന് ലീഗൽ സർവ്വീസസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജുമായ വി.ഉദയകുമാർ അറിയിച്ചു. ചടങ്ങിൽ ചീഫ് ജുഡീഷ്യൽ മജസ്ട്രേറ്റ് എ.എം. ബഷീറും മറ്റ് ന്യായാധിപരും ക്യാമ്പ് ഓഫീസർ, അഡി. തഹസീദാർ പ്രസന്നകുമാർ എന്നിവരും പങ്കെടുത്തു.