പൂച്ചാക്കൽ: വേലി തന്നെ വിളവ് തിന്നാലോ എന്ന് പറയുന്നതുപോലെയാണ് പൂച്ചാക്കൽ പൊലീസ് സ്റ്റേഷന്റെ കാര്യം. നാട്ടുകാരുടെ പരാതികൾ കേട്ട് പരിഹാരം ഉണ്ടാക്കേണ്ട സ്റ്റേഷന്റെ ഇല്ലായ്മകളെപ്പറ്റി ആരോട് പരാതി പറയുമെന്നാണ് പൊലീസുകാരുടെ ചോദ്യം.
ചോർന്നൊലിക്കുന്ന സ്റ്റേഷൻ കെട്ടിടത്തിലും ക്വാർട്ടേഴ്സുകളിലുമായി പൊലീസുകാർ ദുരിതത്തിലാണ്. കോൺക്രീറ്റ് മേൽക്കൂരയുള്ള പ്രധാന കെട്ടിടത്തിന് ചോർച്ചയുണ്ട്.മഴ പെയ്താൽ സ്റ്റേഷന്റെ അകത്ത് വെള്ളം വീഴും.നിർമ്മാണത്തിലെ അപാകത മൂലമാണിതെന്നാണ് പറയുന്നത്. മഴ വന്നാൽ നനയാതിരിക്കാൻ ഓഫീസ് രേഖകളുമായി സ്റ്റേഷനകത്ത് ഓടിനടക്കേണ്ട സ്ഥിതിയാണ്.
സ്റ്റേഷനകത്തെക്ക് പ്രവേശിക്കുന്ന മുറിയിലാണ് പ്രധാനമായും ചോർന്നൊലിക്കുന്നത്. ഇവിടെയാണ് സ്റ്റേഷനിലെ പ്രധാനപ്പെട്ട രജിസ്റ്ററുകളിൽ ഒന്നായ ജനറൽ ഡയറി (ജി.ഡി)ഉൾപ്പടെ സ്റ്റേഷനിലുള്ള സുപ്രധാന വസ്തുതകൾ രേഖപ്പെടുത്തിയിരിക്കുന്ന കംപ്യൂട്ടർ ഉള്ളത്.അവയെല്ലാം തന്നെ മഴവെള്ളം വീണ് നനയുന്ന അവസ്ഥയാണ്.കൂടാതെ ഫോട്ടോസ്റ്റാറ്റ് മെഷീനും തെളിവിനായി സൂക്ഷിച്ചിരിക്കുന്ന തൊണ്ടിമുതലുകളും ഇവിടെത്തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്. മഴയുള്ളപ്പോൾ സ്റ്റേഷനിലെത്തുന്നവർക്ക് അകത്തെ ബഞ്ചിൽ പോലും ഇരിക്കാൻ കഴിയില്ല. കൂടുതൽ സൗകര്യങ്ങളുള്ള പുതിയ കെട്ടിടം വേണമെന്ന ആവശ്യം ശക്തമായതിനെ തുടർന്നാണ് ലക്ഷങ്ങൾ മുതൽ മുടക്കി പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.2007സെപ്തംബർ 26നാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്.പുതിയ കെട്ടിടങ്ങൾക്ക് അഞ്ച് വർഷത്തിനു ശേഷം അറ്റകുറ്റപ്പണികൾ നടത്തണം എന്ന് നിയമം ഉണ്ടെങ്കിലും ഇതുവരെ നടന്നിട്ടില്ല.
ജീർണാവസ്ഥയിൽ ക്വാർട്ടേഴ്സ്
പൊലീസുകാർക്ക് വിശ്രമിക്കാനുള്ള ക്വാർട്ടേഴ്സുകൾ ഏതു നിമിഷവും ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായി കാടുപിടിച്ച നിലയിലാണ്. വർഷങ്ങൾ പഴക്കമുള്ള ക്വാർട്ടേഴ്സുകൾ പൂർണമായും ജീർണിച്ച അവസ്ഥയിലാണ്.ഇവിടെ 11 ക്വാർട്ടേഴ്സുകളിലായി 22 കുടുംബങ്ങൾക്ക് താമസിക്കാനുള്ള കെട്ടിടങ്ങളാണ് ഉള്ളത്. കെട്ടിടത്തിന്റെ മേൽക്കൂരകൾ ഏതു നിമിഷവും അടർന്ന് വീഴാറായ അവസ്ഥയിലാണ്. കൂടാതെ കാടുപിടിച്ചു കിടക്കുന്നതു മൂലം ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമായിരിക്കുകയാണ്. ഇതുമൂലം പൊലീസുകാർ പല സ്ഥലങ്ങളിലായി വാടകയ്ക്കാണ് താമസിക്കുന്നത്. താമസസൗകര്യം ഇല്ലാത്തതിനാൽ ഇവിടെ നിന്നും സ്ഥലംമാറ്റം ആവശ്യപ്പെട്ടു പോകുന്നവരും ഉണ്ട്. മറ്റ് മാർഗമില്ലാത്തതിനാൽ രണ്ട് കുടുംബം മാത്രമാണ് ഇവിടെ ഇപ്പോൾ താമസിക്കുന്നത്.
39
പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നത് 6 വനിതകൾ ഉൾപ്പെടെ 39 പൊലീസുകാരാണ്
11
ആകെയുള്ളത് 11 ക്വാർട്ടേഴ്സുകൾ
ക്വാർട്ടേഴ്സുകളുടെ നവീകരണത്തിനായി പൊതുമരാമത്ത് എസ്റ്റിമേറ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. പൊലീസ് സ്റ്റേഷന്റെ ചോർച്ച പരിഹരിക്കുവാൻ പൊലീസ് നിർമ്മിതി കേന്ദ്രത്തിന് കത്ത് നൽകിയിട്ടുണ്ട്.
അജയ് മോഹൻ, സ്റ്റേഷൻ ഹൗസ് ഓഫീസർ