അമ്പലപ്പുഴ : ഉറുമി വീശി ഗിന്നസ് ബുക്കിലിടം പിടിച്ച ഹരികൃഷ്ണന് ഇനിയുള്ള ആഗ്രഹമാണ് ജന്മനാടിനെ കളരിഗ്രാമമാക്കുകയെന്നത്. പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് രാജേശ്വരി ഭവനത്തിൽ പരേതനായ ശശീന്ദ്രന്റെയും, രാജേശ്വരിയുടേയും മകനാണ് 24കാരനായ ഹരികൃഷ്ണൻ. ഇരട്ട ഉറുമി 37 സെക്കൻഡിൽ 230 തവണ വീശിയാണ് നാടിന് അഭിമാനമായി മാറിയത്.
ഇപ്പോൾ കളരി പരിശീലകനാണ് ഹരികൃഷ്ണൻ. ഇതൊരു വരുമാനമാർഗമായല്ല ഈ യുവാവ് കാണുന്നത്. കളരി നടത്തുന്ന കെട്ടിടത്തിൻെറ വാടക കൊടുക്കുന്നതിനുള്ള തുക മാത്രമാണ് ശിഷ്യരിൽ നിന്ന് ദക്ഷിണയായി വാങ്ങുന്നത്.
സ്വന്തമായി കിടപ്പാടം ഇല്ലാത്ത ഹരികൃഷ്ണൻ പുന്നപ്ര തെണ്ടക്കാരൻപറമ്പിൽ അമ്മയോടോപ്പം വാടകക്ക് താമസിക്കുകയാണ് ഇപ്പോൾ. നാടിനെ കളരി ഗ്രാമമാക്കാൻ ഹരികൃഷ്ണന് പിന്തുണ നൽകാമെന്ന് എസ്.എൻ.ഡി.പി യോഗം 241 ാം നമ്പർ ശാഖ ഭാരവാഹികൾ ഉറപ്പു നൽകിയിട്ടുണ്ട്. 2018 ൽ ഖത്തർ കേന്ദ്രീകരിച്ചുള്ള അറേബ്യൻ ബുക്സ് ഓഫ് വേൾഡ് റെക്കാഡിന് പിന്നാലെയാണ് ഗിന്നസ് ബുക്കിലിടം നേടാൻ അവസരം ലഭിച്ചത്.
18ാം വയസിൽ ദേശീയതലത്തിൽ സ്വർണം നേടിയിരുന്നു. ദേശീയ ചാമ്പ്യൻഷിപ്പിൽ കളരിപ്പയറ്റിൽ 2013, 14, 15, വർഷങ്ങളിൽ തുടർച്ചയായി സ്വർണ മെഡൽ ജേതാവായി. 2016ൽ വാൾപ്പയറ്റിൽ സ്വർണ്ണം കരസ്ഥമാക്കി. തമിഴ്‌നാടിന്റെ അയോധന കലയായ "സിലമ്പ" ത്തിലും പ്രാവീണ്യം നേടിയിട്ടുണ്ട്. 2017-18 ൽ ചെന്നൈയിൽ ദേശീയതലത്തിൽ നടന്ന മത്സരത്തിൽ വെങ്കലം സ്വന്തമാക്കി. ഈ വർഷം നടന്ന സിലമ്പത്തിൽ വെങ്കലം നേടിയത് ഹരികൃഷ്ണൻെറ ശിക്ഷണത്തിൽ കളരി അഭ്യസിച്ച ഒൻപത് വയസുകാരി പവിത്ര വെങ്കിടേഷാണ് .
അമ്മ രാജേശ്വരിയുടെ അച്ഛൻ രാമചന്ദ്രൻ വലിയൊരു കളരി അഭ്യാസിയായിരുന്നു. ഇതിലാകൃഷ്ടനായതോടെയാണ് കളരി അഭ്യസിക്കണമെന്ന ആഗ്രഹം കുട്ടിക്കാലത്ത് ഹരികൃഷ്ണൻെറ മനസിൽ മൊട്ടിട്ടത്. പക്ഷേ, വീട്ടുകാർ സമ്മതിച്ചല്ല. എന്നാൽ, പത്തുവയസ് മുതൽ വീടിനടുത്തുള്ള വീരാട് കളരിയിൽ വീട്ടുകാരറിയാതെ ഹരികൃഷ്ണൻ ചുവടുവച്ചു. 8ാം ക്ലാസിൽ പഠിക്കുമ്പോൾ കളരിപ്പയറ്റ് അസോസിയേഷൻ ജില്ലാതലത്തിൽ നടത്തിയ മത്സരത്തിൽ പങ്കെടുത്തതോടെയാണ് മകൻ കളരി അഭ്യസിക്കുന്ന വിവരം വീട്ടുകാർ അറിഞ്ഞത്.