കായംകുളം: തിരുവനന്തപുരം സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവ് അമ്പിളി സന്തോഷ് എന്ന് വിളിക്കുന്ന സന്തോഷ് കുമാർ കായംകുളത്ത് അറസ്റ്റിലായി. വിവിധ ജില്ലകളിലെ നിരവധി മോഷണ കേസുകളിൽ പ്രതികളായ മൊട്ട ജോസ്, ഹസൻ സന്തോഷ് എന്നിവരുടെ കൂട്ടാളിയായ സന്തോഷ് എട്ടു മാസം മുമ്പാണ് ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. ഇന്നലെ രാത്രി കാപ്പിൽ കുറ്റിപ്പുറം മാർക്കറ്റിന് സമീപമുള്ള തുണിക്കട കുത്തി തുറക്കാൻ ശ്രമിക്കുന്നതിനിടെ നൈറ്റ് പട്രോളിംഗിനിറങ്ങിയ പൊലീസ് സംഘം സന്തോഷിനെ കൈയോടെ പിടികൂടുകയായിരുന്നു. വടക്കാഞ്ചേരി, പേരാമ്പ്ര, അങ്കമാലി തുടങ്ങിയ സ്ഥലങ്ങളിൽ കവർച്ച നടത്തിയതായി ഇയാൾ സമ്മതിച്ചു. കായംകുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കായംകുളം പൊലീസ് സ്റ്റേഷനിലെ രണ്ട് കേസുകളിലും വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ നാലു കേസുകളിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കായംകുളം കൈരളി ജംഗ്ഷൻ കിഴക്കുവശത്തുള്ള വിദേശമലയാളിയുടെ ആൾത്താമസമില്ലാത്ത വീട് കുത്തിത്തുറന്ന് വാച്ചും സി.സി ടിവി ഹാർഡ് ഡിസ്കും കവർന്ന കേസിലും പ്രയാർ ജംഗ്ഷന് സമീപമുള്ള ഫ്ലവർ മില്ല് കുത്തിത്തുറന്ന് 18000 രൂപ മോഷ്ടിച്ച കേസിലും പ്രതിയാണ്.