crime

ചേർത്തല: ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന പൊലീസുകാരന് നേരേ കുരുമുളകു സ്‌പ്രേ പ്രയോഗിച്ചു കടന്ന സംഘത്തിലെ രണ്ടു പേരെ കണ്ടെത്താനായില്ല. അക്രമി സംഘത്തിലുണ്ടായിരുന്ന നാലുപേരിൽ രണ്ടു പേരെ പൊലീസ് സാഹസികമായി പിടികൂടിയിരുന്നു. രക്ഷപ്പെട്ട രണ്ടു പേരുടെ ഫോണുകൾ സ്വിച്ച് ഓഫ് ആയതിനാൽ സൈബർസെല്ലിന്റെ സഹായത്താലുള്ള അന്വേഷണവും നടത്താനായില്ല.

വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് ചേർത്തല റെയിൽവേ സ്​റ്റേഷനു സമീപം തൃപ്പൂണിത്തുറ എ.ആർ ക്യാമ്പിലെ പൊലീസുകാരൻ മാരാരിക്കുളം സ്വദേശി ശരത്തിന്റെ (27) കണ്ണിലേക്കാണ് കുരുമുളകു സ്‌പ്രേ ചെയ്ത് സംഘം രക്ഷപ്പെട്ടത്. അക്രമികളെ പിന്തുടർന്ന പൊലീസ് സംഘം മണ്ണഞ്ചേരിയിൽ വച്ചാണ് വാഹനം പിടിച്ചെടുത്തത്. തിരുവല്ല ശങ്കര മംഗലത്ത് രാഹുൽ (24), പത്തനംതിട്ട നിരണം മഠത്തിൽ വീട്ടിൽ സാജൻ (31) എന്നിവരാണ് പിടിയിലായത്. ഇവർ തിരുവല്ല, ചങ്ങനാശേരി, മൂവാ​റ്റുപുഴ, ആലപ്പുഴ, പത്തനംതിട്ട എന്നീ സ്​റ്റേഷനുകളിലായി മോഷണം, പിടിച്ചുപറി തുടങ്ങി നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. രക്ഷപ്പെട്ടവരെ പ​റ്റി വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും ചേർത്തല സി.ഐ വി.പി.മോഹൻലാൽ പറഞ്ഞു.