trg

ഹരിപ്പാട്: കാമറക്കണ്ണിലൂടെ സാധാരണക്കാരന്റെ ജീവിതം ഒപ്പിയെടുത്ത ഭാസിക്ക് ഫോട്ടോഗ്രഫി തന്റെ ജീവിതത്തിന്റെ ഒരു ഭാഗംതന്നെയായിരുന്നു. ഫോട്ടോഗ്രാഫർമാർക്ക് ഒരു ദിനമുണ്ടെങ്കിൽ അന്ന് ഹരിപ്പാട്ടെ ഭാസിയെ ഓർക്കാതിരിക്കാനാവില്ല. അനന്തപുരിയിൽ നിന്ന് ഫോട്ടോഗ്രഫിയുടെ ബാലപാഠങ്ങൾ ഹൃദിസ്ഥമാക്കി ഓണാട്ടുകരയിലെത്തിയ ഭാസിയും 'ഭാസീസ് സ്റ്റുഡിയോ'യും പിന്നീട് ഹരിപ്പാടിന്റെ ചരിത്രത്തിനൊപ്പം ചേരുകയായിരുന്നു.

ഹരിപ്പാട് എഴിക്കകത്ത് വേലായുധൻ പിള്ളയുടെയും മുക്കലത്ത് ഗൗരിയമ്മയുടെയും മകനായി 1937ൽ ജനിച്ച ഭാസി 1956 സെപ്തംബർ 11ന് തിരുവനന്തപുരം പാരമൗണ്ട് സ്റ്റുഡിയോയിൽ നിന്നാണ് തന്റെ ഫോട്ടോഗ്രഫി പ്രയാണം തുടങ്ങിയത്. ബന്ധുവായ ശിവനാണ് ഭാസിയെ ഫോട്ടോഗ്രഫിയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തിയത്. കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ആഗ്രഹത്തെ പിന്നിലേക്ക് വലിച്ചപ്പോൾ അതിനെ തോല്പിച്ച് മുന്നേറാൻ ഭാസിക്ക് പ്രചോദനമായത് ശിവന്റെ തണലായിരുന്നു. പിന്നീട് ശിവൻ സ്വന്തമായി സ്റ്റുഡിയോ ആരംഭിച്ചപ്പോൾ ഭാസി ആയിരുന്നു അസിസ്റ്റന്റ്.

തലസ്ഥാനത്തെ പ്രവർത്തനം തൊഴിൽപരമായ ബന്ധങ്ങൾ വിപുലമാക്കി. ഭാസിയുടെ പ്രശസ്തമായ നിരവധി ചിത്രങ്ങൾ ഈ കാലഘട്ടത്തിൽ പകർത്തിയവയാണ്. എം.ജി കോളേജിൽ എത്തിയ നെഹ്രുവിന്റെയും മുഖ്യമന്ത്രിയായിരുന്ന കാലത്തെ ഇ.എം.എസിന്റെയും ചിത്രങ്ങൾ ഇവയിൽ അപൂർവങ്ങളാണ്. ചെറുപ്പത്തിൽ മൊട്ടിട്ട പ്രണയവും പ്രണയിനിയെ സ്വന്തമാക്കാൻ കഴിഞ്ഞതും ഭാസിയുടെ ജീവിതത്തിന്റെ വിജയകരമായ പ്രയാണത്തിൽ പ്രധാനമായി. യന്ത്ര സഹായമില്ലാതെ തോട്ടപ്പള്ളി തീരത്ത് മനുഷ്യർ വലിയ പാറക്കല്ലുകൾ പൊക്കി കടൽഭിത്തി നിർമ്മിക്കുന്നത് ഉൾപ്പടെയുള്ള ചിത്രങ്ങൾ പുതുതലമുറയ്ക്ക് അത്ഭുത കാഴ്ചയാണ്.

ജീവിത സാഹചര്യങ്ങളോട് പടവെട്ടുന്ന സാധാരണക്കാരന്റെ ദയനീയതയിലേക്ക് ഭാസിയുടെ കാമറക്കണ്ണുകൾ എപ്പോഴും എത്തിയിരുന്നു. തെരുവ് നായയുമായി ഭക്ഷണം പങ്കുവയ്ക്കുന്ന വൃദ്ധൻ, ഒരു നേരത്തെ അന്നത്തിന് വേണ്ടിയുള്ള ഞാണിന്മേൽ കളി തുടങ്ങിയവ മനുഷ്യ സ്നേഹത്തിന്റെ നേർക്കാഴ്ചകളാണ്.

ഭാസീസ് സ്റ്റുഡിയോ പിറക്കുന്നു

തിരുവനന്തപുരത്തു നിന്ന് ഹരിപ്പാട്ടെത്തി, ഗുരുതുല്യനായിരുന്ന ശങ്കരനാരായണ പിള്ളയുടെ ശങ്കേഴ്സ് സ്റ്റുഡിയോ വാങ്ങി 'ഭാസീസ് സ്റ്റുഡിയോ' ആരംഭിച്ച ശേഷം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. തുടർന്ന് പതിറ്റാണ്ടുകളോളം ഹരിപ്പാടിന്റെ മണ്ണിൽ നടന്ന അവിസ്മരണീയ മുഹൂർത്തങ്ങളെല്ലാം തന്നെ ഭാസിയുടെ കാമറക്കണ്ണുകൾ ഒപ്പിയെടുത്തു. 65-ാം വയസിൽ 2002 ഒക്ടോബർ 29ന് ഭാസി വേർപിരിയുമ്പോഴേക്കും മകൻ ബാബുരാജ് അച്ഛന്റെ കഴിവ് ഒരു വരം പോലെ ആർജിച്ചെടുത്തിരുന്നു. അച്ഛൻ ഉപയോഗിച്ചിരുന്ന വിവിധ തരത്തിലുള്ള പഴയ കാമറകൾ, ഇവയിൽ പകർത്തിയ ചിത്രങ്ങൾ എല്ലാം തന്നെ ബാബുരാജ് സൂക്ഷിച്ചിട്ടുണ്ട്. ഹരിപ്പാട് ഭാസീസ് സ്റ്റുഡിയോയിൽ എത്തുന്നവർക്ക് പഴയ കാമറകളുടെ പ്രദർശനം വേറിട്ടൊരു അനുഭവം തന്നെയാണ്.