ചേർത്തല: ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് പട്ടികജാതി കമ്മ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ് നടത്തിയെന്ന പ്രചാരണത്തെത്തുടർന്ന് അപമാനിതനായ ഓമനക്കുട്ടനെ നേരിൽക്കണ്ട് ഖേദം പ്രകടിപ്പിക്കാൻ സർക്കാരിന്റെ പ്രതിനിധിയായി കളക്ടർ ഡോ. അദീല അബ്ദുള്ള ക്യാമ്പിലെത്തി. തെറ്റുകൾ മനുഷ്യസഹജമാണെന്നും ഇവിടെ ചെറിയ തെറ്റുകൾ ഇരുഭാഗത്തും ഉണ്ടായിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു. ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് തന്നെ ലക്ഷ്യമിട്ടാണെന്ന് കരുതുന്നില്ലെന്നും ഇതു സർക്കാരിനെതിരായ നീക്കമാണെന്നും കളക്ടറോടു പറഞ്ഞ ഓമനക്കുട്ടൻ, ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ സൈബർ നിയമപ്രകാരം കേസെടുക്കണമെന്നും അഭ്യർത്ഥിച്ചു.
'സദുദ്ദേശത്തോടെയുള്ള പ്രവർത്തനങ്ങളാണ് ക്യാമ്പിൽ നടന്നത്. ഇത് തെറ്റിദ്ധരിക്കപ്പെട്ടു. ജില്ലയിൽ തന്നെ നല്ലനിലയിൽ പ്രവർത്തിക്കുന്ന ക്യാമ്പുകളിലൊന്നാണിത്. ഉദ്യോഗസ്ഥരും പൂർണമായി സഹകരിക്കുന്നുണ്ട്. അന്ന് ക്യാമ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ചേർത്തല നഗരസഭാ ജീവനക്കാരെ ശാസിച്ചിട്ടുണ്ട്. ഓമനക്കുട്ടനെതിരായ കേസ് പിൻവലിക്കാനുള്ള നടപടികളും സ്വീകരിച്ചു കഴിഞ്ഞു'- കളക്ടർ ഓമനക്കുട്ടനോടു നേരിട്ടു പറഞ്ഞു.
കളക്ടർ എത്തിയതിന് പിന്നാലെ എ.എം.ആരിഫ് എം.പി ഭാര്യയ്ക്കൊപ്പം ക്യാമ്പിലെത്തി. ഇനി മഴക്കാലത്ത് ഇവിടെ ക്യാമ്പ് തുറക്കാൻ ഇടവരുത്താതെ പ്രദേശത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുമെന്ന് എം.പി പറഞ്ഞു. ഇതിനായി ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ റവന്യു-ജലസേചന വകുപ്പുകൾ ചേർന്ന് പദ്ധതി തയ്യാറാക്കണം. ഫണ്ടിന്റെ ആവശ്യം വന്നാൽ എം.പി ഫണ്ടിൽ നിന്നു തുക അനുവദിക്കുമെന്നും എം.പി ഉറപ്പു നൽകി.പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ആന്റണി,വൈസ് പ്രസിഡന്റ് ബാബു ആന്റണി, അംഗങ്ങളായ സരസ്വതി, ബി.സലിം, തഹസിൽദാർ ആർ.ഉഷ, റവന്യു ജീവനക്കാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.