മാവേലിക്കര: മുത്തശ്ശിക്കൊപ്പം കുടുംബശ്രീ യോഗസ്ഥലത്തേക്കു നടന്നു പോവുന്നതിനിടെ കാൽവഴുതി തോട്ടിൽ വീണ മൂന്നു വയസുകാരിക്ക് മുത്തശ്ശിതന്നെ രക്ഷകയായി. കുറത്തികാട് ശിവ നിവാസിൽ ശിവപ്രസാദിന്റെ മകൾ ഗൗരിയാണ് ഇന്നലെ വൈകിട്ട് 3.30ന് വീടിന് സമീപത്തെ തോട്ടിൽ വീണത്. മുത്തശ്ശി പൊന്നമ്മയ്ക്കൊപ്പം കുടുംബശ്രീ യോഗസ്ഥലത്തേക്ക് പോകുമ്പോഴാണ് പിറ്റിനാൽ പാടം-ടി.എ കനാൽ തോട്ടിൽ കാൽ വഴുതി വീണത്.
ഉടൻതന്നെ പൊന്നമ്മയും തോട്ടിലേക്ക് ചാടി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പൊന്നമ്മയും ഇതേ തോട്ടിൽ വീണ് കാലിന് പരിക്കേറ്റിരുന്നു. നിരവധി വീട്ടുകാർ നടന്നു പോകുന്ന വഴിയാണിത്. മുമ്പും കാൽനട യാത്രക്കാർ ഈ ഭാഗത്ത് തോട്ടിൽ വീണിട്ടുണ്ട്. തോടിന്റെ വശങ്ങളിൽ നിർമ്മിച്ചിട്ടുള്ള വർഷങ്ങൾ പഴക്കമുള്ള പിച്ചിംഗ് ഇളകിക്കിടക്കുന്നതാണ് അപകങ്ങൾക്ക് കാരണം. അപകടങ്ങൾ പതിവായതിനാൽ ഇറിഗേഷൻ വകുപ്പിലും മനുഷ്യവാകാശ കമ്മിഷനിലും പ്രദേശവാസികൾ പരാതി നൽകിയിരുന്നെങ്കിലും നടപടി ഒന്നും ഉണ്ടായിട്ടില്ല.