tv-r

തുറവൂർ : വറുതിക്കൊടുവിൽ മത്സ്യത്തൊഴിലാളികളോട് കനിഞ്ഞ് കടലമ്മ. ഇന്നലെ കടലിൽ പോയ വള്ളങ്ങൾക്കെല്ലാം വലനിറയെ മീൻ കിട്ടി. ചെമ്മീനും അയലയും നത്തോലിയും പൊടിമീനും കുട്ടകളിൽ നിറഞ്ഞു.

കാലവർഷം ശക്തി പ്രാപിക്കുകയും കടൽ പ്രക്ഷുബ്ധമാവുകയും ചെയ്തതോടെ മത്സ്യത്തൊഴിലാളികൾ വറുതിയുടെ തീരത്തായിരുന്നു. ദിവസങ്ങളോളം വള്ളമിറക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ ചെല്ലാനം ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളങ്ങൾക്കായിരുന്നു കോള്. ചാകരയുടെ പ്രതീതിയായിരുന്നു ഇവിടെ.

മുറി വള്ളങ്ങളും ഡിങ്കി വള്ളങ്ങളുമാണ് ഇപ്പോൾ മത്സ്യബന്ധനത്തിന് കൂടുതലായി പോകുന്നത് . ഇന്നലെ ഓരോ വള്ളത്തിനും 300 മുതൽ 500കിലോ വരെ ചെമ്മീനാണ് കിട്ടിയത്. ഒരു കിലോ ചെമ്മീനിന് 150 മുതൽ 200 രൂപ വരെയായിരുന്നു വില. വരും ദിവസങ്ങളിലും കടലമ്മ കനിയുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.