കുട്ടനാട് ∙: പാലം തകർന്നു വീണു വൃദ്ധയ്ക്ക് പരിക്കേറ്റു. മുട്ടാർ പഞ്ചായത്ത് മിത്രമഠം കോളനിയിൽ ശാന്തമ്മക്കാണ് (62) പരിക്കേറ്റത് . ഇന്നലെ രാവിലെ എട്ടരയോടെയാണ് മുട്ടാർ പഞ്ചായത്ത് 12, 3 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സർപ്പത്തിൽ പാലം തകർന്നത്. ഇരുമ്പു കേഡറിൽ ഉറപ്പിച്ച പാലത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നു ശാന്തമ്മ തോട്ടിലേക്കു വീഴുകയായിരുന്നു. തോട്ടിൽ വീണ ശാന്തമ്മയുടെ ശരീരത്തിന് മുകളിലേക്കാണു സ്ലാബ് വീണത്. ഗുരുതര പരുക്കേറ്റ ശാന്തമ്മയെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വർഷങ്ങളായി തകർന്നു കിടക്കുന്ന പാലം പുനർ നിർമിക്കണമെന്നാവശ്യപ്പെട്ടു ജനപ്രതിനിധികൾക്കു നിരവധി തവണ പരാതി നൽകിയെങ്കിലും ആരും പരിഗണിച്ചിരുന്നില്ലെന്നു നാട്ടുകാർ ആരോപിച്ചു.