പിങ്ക് പൊലീസ് സേവനം വ്യാപിപ്പിക്കാൻ ബോധവത്കരണം
ആലപ്പുഴ: പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകാൻ മടിയുള്ള വനിതകൾക്ക്, സൗഹാർദ്ദപരമായി ഇടപെടാൻ കഴിയും രൂപം കൊടുത്ത 'പിങ്ക് പൊലീസ്' സേവനം വേണ്ടവിധം വിനിയോഗിക്കപ്പെടുന്നുണ്ടോ എന്ന് അധികൃതർക്ക് സംശയം. പിങ്ക് പൊലീസുകാരെ കൂടുതൽ വനിതകളിലേക്ക് എത്തിക്കാനുള്ള ബോധവത്കരണ പ്രവർത്തനത്തിന് ഒരുങ്ങുകയാണ് പൊലീസ്.
വാഹനത്തിലെ ഡ്രൈവർ ഉൾപ്പെടെ വനിതകൾ മാത്രുള്ള പൊലീസ് ടീമാണ് പിങ്ക് പൊലീസ് സംവിധാനം. 1515 എന്ന നമ്പരിൽ വിളിച്ചാൽ വിളിപ്പുറത്തുണ്ടാവും ഇവർ. ഇതുവരെ പ്രവർത്തനം മികച്ച രീതിയിലാണ് മുന്നേറുന്നതെങ്കിലും വേണ്ടത്ര അവബോധം പെൺകുട്ടികൾ അടക്കമുള്ള സ്ത്രീ സമൂഹത്തിലേക്ക് എത്തിയിട്ടില്ലെന്നും വിലയിരുത്തലുണ്ട്. രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് രണ്ടുവരെയും രണ്ടുമുതൽ രാത്രി എട്ടുവരെയുമുള്ള രണ്ട് ഷിഫ്റ്റായാണ് പിങ്ക് പൊലീസ് പ്രവർത്തിക്കുന്നത്. സാങ്കേതിക സംവിധാനങ്ങളോടുകൂടിയ രണ്ടു വാഹനങ്ങളാണ് ജില്ലയിൽ പട്രോളിംഗ് നടത്തുന്നത്. ഒന്ന് കായംകുളം മുതൽ അമ്പലപ്പുഴ വരെയും മറ്റൊന്ന് അമ്പലപ്പുഴ മുതൽ അരൂർ വരെയുമാണ്.
................................................
# പിങ്ക് പൊലീസ് @ 2019
ഇൗ വർഷം ജൂലായ് വരെ പിങ്കിന് ലഭിച്ചത് 2849 പരാതികൾ
മാസം ശരാശരി 400 പരാതി വിളികൾ
പരാതികളിൽ അതിർത്തി പ്രശ്നങ്ങൾ അടക്കമുള്ളവ
പറഞ്ഞു തീർക്കാവുന്നവ പ്രശ്നസ്ഥലത്തുതന്നെ പരിഹരിക്കുന്നു
കേസെടുക്കേണ്ടവ അതത് പൊലീസ് സ്റ്റേഷനുകളിലേക്കു കൈമാറുന്നു
ഈ വർഷം ഇതുവരെ 12 കേസുകൾ കൈമാറി
........................................................
മിന്നൽ വേഗം
ജില്ലയിൽ എവിടെ നിന്ന് 1515 എന്ന നമ്പരിലേക്ക് വിളിച്ചാലും വനിത സെല്ലിലെ കൺട്രോൾ റൂമിൽ വിവരം ലഭിക്കും. ജി.ഐ.എസ്/ ജി.പി.എസ് സംവിധാനം ഉപയോഗിച്ച് കൃത്യമായി സ്ഥലം കണ്ടെത്തി വേഗത്തിൽ പൊലീസ് സഹായം എത്തിക്കാൻ സാധിക്കുന്ന സോഫ്റ്റ് വെയറാണ് പിങ്ക് പൊലീസിന്റെ വാഹനത്തിലുള്ളത്.
.....................................
ആധുനിക സംവിധാനം
മുന്നിലും പിന്നിലുമുള്ള ദൃശ്യങ്ങൾ കാണാൻ സഹായിക്കുന്ന കാമറ, ജി.പി.എസ് സംവിധാനം, വയർലെസ് സെറ്റ് തുടങ്ങിയ ആധുനിക സജ്ജീകരണങ്ങളാണ് പിങ്ക് പൊലീസിന്റെ വാഹനത്തിലുള്ളത്.
ഓരോ വാഹനത്തിലും ഒരു ഡ്രൈവർ, രണ്ട് കോൺസ്റ്റബിൾമാർ, ഒരു ഓഫീസർ എന്നിവരുണ്ടാകും. സർക്കാർ സ്ഥാപനമായ സി ഡാക്കാണ് സാങ്കേതിക സഹായം നൽകുന്നത്. വനിതാ ഹെൽപ്പ് ലൈനായ 1091, പൊലീസ് കൺട്രോൾ റൂം നമ്പറായ 100 എന്നിവയിലും സഹായം ലഭ്യമാവും.
...........................................
'പിങ്ക് പൊലീസ് സംവിധാനം ജില്ലയിൽ ആരംഭിച്ചതിലൂടെ ഒട്ടെറെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുന്നുണ്ട്. ആദ്യകാലങ്ങളിൽ സ്ത്രീകൾ പ്രശ്‌നങ്ങൾ അറിയിക്കാൻ മടി കാണിച്ചിരുന്നു. എന്നാൽ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ട്. എങ്കിലും കൂടുതൽ ബോധവത്കരണം ആവശ്യമുണ്ടെന്നാണ് വിലയിരുത്തൽ'
(റോസമ്മ, സി.ഐ, വനിതാ സെൽ ഇൻചാർജ്)