da

ആലപ്പുഴ: 'ദുരിതം അനുഭവിക്കുന്നവർക്കായി ഫണ്ട് സ്വരൂപിക്കണം. അതിനായി നമുക്ക് പാടണം. അനസൂയയുടെ അവസാനത്തെ ആഗ്രഹം അതായിരുന്നു. അഞ്ച് ദിവസം മുമ്പ് വിളിച്ചിട്ട് പറഞ്ഞു എനിക്ക് സുഖമില്ല. ഫണ്ട് സ്വരൂപിക്കാൻ വരാൻ കഴിയുമോ എന്നറിയില്ല. വളരെ താഴ്ന്ന ശബ്ദത്തിൽ അനസൂയ പറഞ്ഞപ്പോൾ ഇത്രയും പെട്ടെന്ന് പോകുമെന്നറിഞ്ഞില്ല'- പ്രിയ സഹഗായിക വേർപെട്ടതിൻെറ ദു:ഖം ഉള്ളിലൊതുക്കി പി.കെ.മേദിനി പറഞ്ഞു.

'ഞാൻ വിപ്ളവ ഗായികയായത് അനസൂയയുടെ പാട്ട് കേട്ടാണ്. എന്റെ ഗുരുവാണ് അനസൂയ. എന്റെ സീനിയറും. 'മണ്ണറിഞ്ഞാലും പൊന്ന് കായ്ക്കുന്ന മണ്ണാണെന്റെ... ' എന്ന അനസൂയയുടെ പാട്ടാണ് ഞാൻ ആദ്യം കേട്ടത്. ആലപ്പുഴയിലെ കയർ ഫാക്ടറി യൂണിയൻ കലാവേദിയിൽ നിന്ന് അനസൂയ പാടിയത് ഞാൻ കൊതിയോടെ നാേക്കിനിന്നു. എന്ത് സ്വരമാണത്. എന്ത് രൂപമാണത്. വിപ്ളവത്തിൻെറ വിത്തുകൾ ആ പാട്ടിലൂടെ മനസിൽ മുളപൊട്ടാൻ തുടങ്ങി. പാട്ടു തീർന്നതും പാട്ടിന്റെ ഈണങ്ങൾ എന്റെയുള്ളിൽ പറക്കാൻ തുടങ്ങി. അനസൂയ പാടിയ വരികൾ ഞാൻ മനസിൽ മൂളി. അത് എന്റെയുള്ളിലെ വിപ്ളവ പാട്ടുകാരിയെ തൊട്ടുണർത്തുന്നതായി.

അങ്ങനെ അനസൂയയുമായി സൃഹൃദത്തിലായി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വേദികളിൽ ഞങ്ങൾ പാടിത്തിമിർത്തു. തിരഞ്ഞെടുപ്പു കാലത്ത് ഞങ്ങൾക്ക് വിശ്രമമില്ലായിരുന്നു. ആലപ്പുഴയിലെ ഓരോ വേദിയും ഇളക്കിമറിച്ചുകൊണ്ടുള്ള പാട്ടായിരുന്നു. പാട്ടുകൾ ഹിറ്റായതോടെ ഞങ്ങളില്ലാത്ത തിരഞ്ഞെടുപ്പ് വേദികളില്ലാതായി.

കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായി പിളർന്നത് ഞങ്ങളെ വേദനിപ്പിച്ചു. ഞാൻ സി.പി.എെയിൽ ഉറച്ചു നിന്നു. അനസൂയ സി.പി.എമ്മായി. പാട്ട് രണ്ടായി പിരിഞ്ഞു. സി.പി.എെയുടെ വേദിയിൽ ഞാനും സി.പി.എമ്മിന്റെ വേദിയിൽ അനസൂയയും പാടി. എന്തുകൊണ്ടോ, അനസൂയ പതിയെ ഉൾവലിഞ്ഞതുപോലെ. ഞാൻ നിറുത്താതെ പാടി. എനിക്ക് മുമ്പേ പാടിത്തുടങ്ങിയ ആളെക്കാൾ ഞാൻ അറിയപ്പെട്ടു. അറിയപ്പെടാതെ പോയതിൽ അനസൂയയ്ക്ക് വിഷമമുണ്ടായിരുന്നു. അത് അനസൂയ തുറന്ന് പറയുകയും ചെയ്തു. ഇത്രയും പാടിയിട്ടും എന്നെ ആരും അറിയുന്നില്ല. മേദിനിയെ എല്ലാവരും അറിയും. അതൊരു ദു:ഖമായി അനസൂയയുടെ മുഖത്ത് നിഴലിക്കുന്നത് ഞാൻ കണ്ടു. എന്നെയും അനസൂയയേയും നിലമ്പൂർ എെഷയേയും രജിതാ മധുവിനെയും പറ്റി ഒരു ഡോക്യൂമെന്റെറി എടുക്കാൻ ഒരാൾ മുന്നോട്ടു വന്നു. ഇത് കേട്ടപ്പോൾ അനസൂയക്ക് സന്തോഷമായി. ഇപ്പോഴെങ്കിലും നമ്മളെ ആരെങ്കിലുമൊക്കെ ഓർക്കുന്നുണ്ടല്ലോ എന്ന്. അരമണിക്കൂർ നീളുന്ന ഡോക്യൂമെന്ററിയുടെ ക്ളാപ്പടിക്കുന്നതിന് മുമ്പേ മരണം അനസൂയയെ കൂട്ടിക്കൊണ്ടുപോയി. പുന്നപ്ര വയലാർ സമരസേനാനികളുടെ സംഘടനയുടെ സെക്രട്ടറിയാണ് ഞാൻ. അനസൂയ അസിസ്റ്റന്റ് സെക്രട്ടറിയും. വർഷങ്ങൾ നീണ്ട വിപ്ളവ വഴികളിൽ എന്റെ വലതുവശമാണ് അടർന്ന് പോയത്'- മേദിനിയുടെ മനസിൽ കൂട്ടുകാരി ഇപ്പോഴും നിറഞ്ഞു നിൽക്കുകയാണ്.