ആലപ്പുഴ: കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിന് മുന്നിൽ നിന്നു പാടിയ ആദ്യത്തെ വിപ്ളവ ഗായിക തുമ്പോളി കൊടിവീട്ടിൽ പുരയിടത്തിൽ അനസൂയ (85) അന്തരിച്ചു. ബ്രിട്ടീഷ് ഭരണത്തിനും രാജവാഴ്ചയ്ക്കുമെതിരെ അനസൂയ പാടിയ പാട്ടുകൾ ആലപ്പുഴയെ ഇളക്കിമറിച്ചിരുന്നു.
1943 ൽ ആറാം വയസിൽ ഒന്നാം ക്ളാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി പാടിയത്. തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെ വാർഷികത്തിന് 'കൂലി തരണം തൊഴിൽ ചെയ്താൽ മുതലാളിമാരേ' എന്ന ഗാനം സംഘാടകരായ അക്കാമ്മ ചെറിയാന്റെയും എം.എൻ.ഗോവിന്ദൻ നായരുടെയും പി.ടി.പുന്നൂസിന്റെയും കെ.സി.ജോർജിന്റെയും പി.കൃഷ്ണപിള്ളയുടെയുമൊക്കെ മനം കവർന്നു. അനസൂയയുടെ പാട്ടുകളാണ് പിൽക്കാലത്ത് പി.കെ. മേദിനിയെ വിപ്ളവ ഗായികയാക്കി മാറ്റിയത്.
പരേതനായ കൃഷ്ണനാണ് ഭർത്താവ്. മക്കൾ: സതിയമ്മ, കൃഷ്ണമ്മ, പരേതനായ സുശീലൻ, സുധർമ്മ, സുരബാല, കവിത, സജീവൻ. മരുമക്കൾ: പരേതനായ വിജയൻ, രാജൻ, തങ്കച്ചി, ഉഷ, മുകുന്ദൻ. സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടു വളപ്പിൽ.
........................................................
വിപ്ളവ വീഥികളിലെ ആവേശഗാനം
ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാർട്ടി അടിത്തറ ഉറപ്പിക്കാൻ കളമൊരുക്കുന്നതിനിടെ നേതാക്കൾക്ക് പോരാട്ടവീറ് പകർന്നുകൊടുത്തതിനു പിന്നിൽ അനസൂയയുടെ വിപ്ളവ ഗാനങ്ങൾ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് പട്ടാളത്തെ വെല്ലുവിളിച്ചുകൊണ്ട്, ജന്മിത്വത്തിനെതിരായ പോരാട്ടത്തിന് ആഹ്വാനം ചെയ്തുകൊണ്ട്
അനസൂയ കുഞ്ഞായിരിക്കെത്തന്നെ ഉറക്കെപ്പാടിയപ്പോൾ കേട്ടുനിൽക്കാനും ആവേശത്തോടെ കുതിക്കാനും വലിയൊരു സമൂഹം തന്നെയുണ്ടായിരുന്നു.
പാട്ടും രാഷ്ട്രീയവുമായി മുന്നോട്ടു നീങ്ങിയ ജീവിതത്തിൽ പലപ്പോഴും പട്ടിണി താളം തെറ്റിക്കാൻ ശ്രമിച്ചിട്ടുണ്ട്. പിന്നങ്ങോട്ട് കൂടെ പാടാൻ പി.കെ.മേദിനി കൂടിയായപ്പോൾ വിപ്ളവഗാനങ്ങൾ ചിറക് വിടർത്തി പറന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ അനസൂയ സി.പി.എമ്മിനൊപ്പമായി. മേദിനി സി.പി.എെയിൽ ഉറച്ചു നിന്നു. രാജവാഴ്ചയുടെ അസഹനീയതയ്ക്കെതിരെ അനസൂയ പാടി, 'ആസന്നമായി സജീവ സമരം ഭാരത ഭൂമിയിലും ഫാസിസ വർഗം കൊള്ളയടിക്കാൻ...'
അനസൂയ പാടിയതിൽ ഏറ്റവും പ്രശസ്തമായ ഗാനമാണ് പി.ഭാസ്കരൻ രചിച്ച 'ഉയരും ഞാൻ നാടാകെ പടരും ഞാൻ ആ പുത്തൻ, ഉയിർ നാടിനേകിക്കൊണ്ടുയരും...', എന്ന ഗാനം. 'റെഡ് സല്യൂട്ട്... റെഡ് സല്യൂട്ട്... റെഡ് സല്യൂട്ട് രക്തസാക്ഷി ഗ്രാമങ്ങളെ...' എന്ന ഗാനവും ഏറെ ആവേശകരമായി. ഇടതുമുന്നണി രൂപം കൊണ്ടപ്പോൾ മുതൽ തിരഞ്ഞെടുപ്പുകളിൽ ഇരുവരും വീണ്ടും ഒന്നിച്ചു പാടി. കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിന് മുമ്പുവരെ ആ പാട്ടുകൾ നീണ്ടു. പാട്ട് കൊണ്ട് വോട്ട് മാറുന്ന കാലം കഴിഞ്ഞുവെന്ന് പറഞ്ഞുകൊണ്ട് മേദിനി പാട്ടിൽ നിന്ന് വിടവാങ്ങി. ഇപ്പോൾ അനസൂയയും.