ആലപ്പുഴ: വേദികളിലെ വിളക്കണയുമ്പോൾ വൈദ്യുതിയെ ഉള്ളംകൈയിലിട്ട് അമ്മാനമാടി വിസ്മയം സൃഷ്ടിച്ചിട്ടുള്ള രതീഷിന്, വാഹനാപകട രൂപത്തിലെത്തിയ വിധിയുടെ ക്രൂരത വല്ലാത്തൊരു ഷോക്കായി മാറി. മുറുകെ പിടികൊടുക്കാതെ ഒളിഞ്ഞും തെളിഞ്ഞും നിൽക്കുന്ന മാനസിക നിലയുമായി മല്ലിട്ട് ഈ ചെറുപ്പക്കാരൻ കിടക്കുന്നതു കാണുമ്പോൾ, ആളെ പരിചയമുള്ള ഒരാൾക്കു പോലും ഏറെനേരം അടുത്ത് നിൽക്കാനാവില്ല.
കരുവാറ്റ കരിയിൽ പുത്തൻപറമ്പ് ശ്രീ ദേവീ ക്ഷേത്രത്തിനു സമീപം കൊച്ചുകൂനംപറമ്പിൽ പരേതനായ രഘുവിന്റെയും കമലമ്മയുടെയും മകനായ രതീഷിനെ (33) ഈ പേരുപറഞ്ഞാൽ അധികം പേർ അറിയണമെന്നില്ല. എന്നാൽ 'കറന്റ് രതീഷ്' എന്നു പറഞ്ഞാൽ നാടറിയും. കാരണം, രതീഷിനോടു ജയിക്കാൻ ഇതുവരെ വൈദ്യുതിക്ക് കഴിഞ്ഞിട്ടില്ല! ട്രാൻസ്ഫോർമറിൽ നിന്നു പോലും കറണ്ടടിക്കാത്ത പ്രകൃതം. പക്ഷേ, കഴിഞ്ഞ മേയ് 20ന് രാത്രിയിൽ ദേശീയപാതയിൽ കരുവാറ്റ ആശ്രമം ജംഗ്ഷനു സമീപത്തുണ്ടായ അപകടം രതീഷിന്റെ ജീവിതം കശക്കിയെറിഞ്ഞു. നടന്ന് റോഡ് മുറിച്ചുകടക്കുന്നതിനിടെ പാഞ്ഞുവന്ന ബൈക്കിടിച്ചു തെറിച്ച രതീഷ്, റോഡിൽ തലയിടിച്ചു വീണു. ഇടതു കാൽ മുട്ടിനു താഴെവച്ച് രണ്ടായി ഒടിഞ്ഞു. ആലപ്പുഴ മെഡി. ആശുപത്രിയിലെ ട്രോമാകെയർ ഐ.സി.യുവിൽ രണ്ടാഴ്ചയോളം മരണവുമായുള്ള യുദ്ധമായിരുന്നു. അല്പം പുരോഗതി ഉണ്ടായപ്പോൾ വാർഡിലേക്കു മാറ്റി. ജീവച്ഛവം പോലെയുള്ള കിടപ്പ്. അവിടെയും നേരിയ മാറ്റമുണ്ടായപ്പോൾ വീട്ടിലേക്കു മാറ്റി. വീട്ടിലെ ഇരുണ്ട മുറിയിൽ മിന്നിമറയുന്ന ഓർമ്മയുമായുള്ള പോരാട്ടമാണിപ്പോൾ.
വണ്ടാനം സാരംഗി സൗണ്ട്സിലെ മൈക്ക് ഓപ്പറേറ്ററായിരുന്നു രതീഷ്. അലൂമിനിയം ഫാബ്രിക്കേഷൻ, ഇലക്ട്രീഷ്യൻ ജോലികൾക്കും പോകുമായിരുന്നു. സ്കൂൾ പഠനകാലത്താണ് തന്നെ കറണ്ടടിക്കില്ലെന്ന യാഥാർത്ഥ്യം രതീഷ് തിരിച്ചറിഞ്ഞത്. തുടർന്ന് കൂട്ടുകാർക്കു മുന്നിൽ ഇത് അവതരിപ്പിച്ച് താരമായി. പിന്നീട് അവതരണം ഗ്രാമത്തിലെ ക്ളബ്ബുകൾ സംഘടിപ്പിക്കുന്ന വേദികളിലായി. ശരീരത്തിലൂടെ കറണ്ട് പ്രവഹിപ്പിച്ച് നാക്കിലും കൈവെള്ളയിലും നെറ്റിയിലുമൊക്കെ വച്ച് രതീഷ് ബൾബ് കത്തിച്ചു കാണിക്കുന്നത് നാട്ടുകാർ അദ്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. ഒട്ടനവധി വേദികളിൽ നിന്ന് പുരസ്കാരവും ലഭിച്ചു. വ്യക്തിഗത കഴിവുകൾ പ്രകടിപ്പിക്കാനായി പ്രമുഖ സ്വകാര്യ ചാനൽ നടത്തുന്ന ഷോയിലേക്കുള്ള പ്രവേശനക്കടമ്പ രതീഷ് കടന്നത് അപകടം നടന്നതിന് അഞ്ചു ദിവസം മുമ്പായിരുന്നു. ആ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ, അത് രതീഷിന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവ് ആകുമായിരുന്നു.
വേണമൊരു കൈത്താങ്ങ്
അപകടത്തിൽ തലയ്ക്കേറ്റ പരിക്ക് വലുതായിരുന്നു. അതുകൊണ്ടുതന്നെ ഓർമ്മശക്തി വല്ലാത്ത അവസ്ഥയിലാണ്. തലയിലെ പരിക്ക് പൂർണ്ണമായും ഭേദമായാൽ മാത്രമേ കാലിന്റെ ഒടിവ് പരിഹരിക്കാനുള്ള ശസ്ത്രക്രിയ നടത്താനാവൂ എന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. വീട്ടിലെ ഹെൽത്ത് കാർഡിൽ രതീഷിന്റെ പേരില്ലാതെ പോയത് മറ്റൊരു ആഘാതമായി. അച്ഛൻ രഘു വർഷങ്ങൾക്കു മുമ്പ് മരിച്ചു. അമ്മയും കേബിൾ ജോലിക്കാരനായ സഹോദരൻ അനീഷും ഭാര്യയും അടങ്ങുന്ന കുടുബത്തിന് രതീഷിന്റെ വരുമാനവും വലിയൊരു സഹായമായിരുന്നു. മികച്ച ചികിത്സ ലഭിക്കണമെങ്കിൽ ഇനിയും വേണം നല്ലൊരു തുക. കമലമ്മയുടെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് കരുവാറ്റ ശാഖയിൽ അക്കൗണ്ടുണ്ട്. നമ്പർ: 0101053000078636. IFSC: SIBL0000101. ഫോൺ: 7025899073