കറ്റാനം: ഭരണിക്കാവിൽ ഗുരുക്ഷേത്രത്തിലും ദേവീക്ഷേത്രത്തിലും വഞ്ചി തകർത്ത് മോഷണം. ഇരുപത്തി അയ്യായിരത്തിലധികം രൂപ കവർന്നു. ഒരേ വളപ്പിലുള്ള എസ്.എൻ.ഡി.പി യോഗം ഭരണിക്കാവ് 140ാം നമ്പർ ശാഖയിലെ ഗുരുക്ഷേത്രത്തിന് മുന്നിലുള്ള വഞ്ചിയിലെയും ഇതിന്റെ ഭാഗമായുള്ള കരിപ്പോലിൽ ദേവീ ക്ഷേത്രത്തിലെ പ്രധാന ശ്രീകോവിലിന്റെയും ഉപദേവതകളുടെയും മുന്നിലുള്ള എട്ട് കാണിക്കവഞ്ചികളുടെ താഴ് അറുത്ത് മാറ്റിയാണ് കവർച്ച നടത്തിയത്. പണം അപഹരിച്ച ശേഷം വഞ്ചികളുടെ വാതിൽ അടച്ച നിലയിലായിരുന്നു. ഇതിൽ ഒരു ഉപദേവതയുടെ മുന്നിലുള്ള വഞ്ചി മോഷ്ടാക്കൾ എടുത്തു കൊണ്ട് പോയി. ഇന്നലെ രാവിലെ ക്ഷേത്രം തുറക്കാനെത്തിയ ഭാരവാഹികളാണ് മോഷണ വിവരം ആദ്യം അറിയുന്നത്. തിടപ്പള്ളിയിൽ സൃക്ഷിച്ചിരുന്ന പൂജാ ദ്രവ്യങ്ങൾ വാരിവലിച്ചിട്ട നിലയിലായിന്നു.
ശാഖാ ഓഫീസിലെ മേശ വലിപ്പ് തുറന്ന് ഇതിൽ സൂക്ഷിച്ചിരുന്ന പണവും ശാന്തിക്കാരന്റെ പതിനായിരം രൂപാ വില വരുന്ന മൊബൈൽ ഫോണും മോഷ്ടിച്ചു. കഴിഞ്ഞ ഒരു വർഷമായി വഞ്ചിയിലുണ്ടായിയിരുന്ന വഴിപാട് സ്വർണവും പണവുമാണ് കവർന്നത്. കുറത്തികാട് പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. രണ്ടായിരത്തഞ്ഞൂറിലധികം പഴക്കമുള്ള ക്ഷേത്രം ഒരു നൂറ്റാണ്ടായി ശാഖയുടെ ഭാഗമാണ്. അഞ്ച് വർഷം മുമ്പ് ക്ഷേത്രത്തിലെ ശീവേലിവിഗ്രഹമടക്കം നാലുലക്ഷത്തോളം രൂപ കവർന്നിരുന്നു.
പ്രതിഷേധിച്ചു
ക്ഷേത്രങ്ങളിലുണ്ടായ കവർച്ചാസംഭവങ്ങളിൽ എസ്.എൻ.ഡി.പി യോഗം ഭരണിക്കാവ് 140ാം നമ്പർ ശാഖ പ്രതിഷേധിച്ചു. പ്രതികളെ ഉടൻ കണ്ടെത്തണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ശാഖ ശാഖായോഗം പ്രസിഡന്റ് സുരേഷ്‌കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ആവശ്യപ്പെട്ടു. സെക്രട്ടറി കെ. സരസൻ, എൻ.ശങ്കരൻ , എം. ഗുണശീലൻ, ആർ. ശിവൻ, സതീശൻ എന്നിവർ സംസാരിച്ചു.