photo

മാരാരിക്കുളം: തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും വയോജനങ്ങളെ സഹായിക്കാൻ ശരണാശ്രയം പദ്ധതി നടപ്പാക്കുമെന്ന് ദേവസ്വം ബോർഡ് ചെയർമാൻ എ.പത്മകുമാർ പറഞ്ഞു. വലിയ കലവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ദേവസ്വം ഓഫീസിന്റെ ശിലാസ്ഥാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്ഷേത്രങ്ങളിൽ എത്തുന്ന 60 വയസിന് മേലുള്ളവർക്ക് മൂന്ന് നേരം ഭക്ഷണവും വിശ്രമിക്കാനുള്ള സൗകര്യവും ആഴ്ചയിൽ ഒരിക്കൽ വൈദ്യ പരിശോധനകളും നൽകുന്നതാണ് ശരണാശ്രയം പദ്ധതി. ഓരോ ക്ഷേത്രത്തിലെയും ഉപദേശക സമിതിയും ഉദ്യോഗസ്ഥരും ചേർന്നായിരിക്കും ശരണാശ്രയം പദ്ധതി നടപ്പാക്കുക. വലിയ കലവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ വികസനത്തിന് മാസ്​റ്റർ പ്ലാൻ തയ്യാറാക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശാന്തിമാർക്ക് താമസിക്കാനും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായിരിക്കും മുൻഗണന. അന്നദാനപ്പുര, ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് ആവശ്യമായ ശുചിമുറികൾ തുടങ്ങിയവയും ഉൾപ്പെടുമെന്നും ദേശീയ പാതയോരത്തുള്ള ക്ഷേത്രമായതിനാൽ അൻപത് വർഷം മുന്നിൽക്കണ്ടാകണം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തേണ്ടതെന്നും ചെയർമാൻ പറഞ്ഞു. ഉപദേശക സമിതി പ്രസിഡന്റ് വി.ചന്ദ്രഹാസൻ അദ്ധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ അസി.കമ്മിഷണർ ഇൻ ചാർജ്ജ് ജയകുമാർ, ദേവസ്വം ബോർഡ് അസി.എക്‌സിക്യുട്ടിവ് എൻജിനിയർ (മരാമത്ത്) ഹരികൃഷ്ണൻ, സബ്ഗ്രൂപ്പ് ഓഫീസർ പി.​ടി. കൃഷ്ണകുമാരി, ഉപദേശക സമതി സെക്രട്ടറി യു.ഉജേഷ് എന്നിവർ പങ്കെടുത്തു.