പൂച്ചാക്കൽ : ജില്ലയിൽ ചെള്ളുപനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആരോഗ്യ വകുപ്പ് നിരീക്ഷണം ശക്തമാക്കി. തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ വീട്ടമ്മയ്ക്കാണ് ചെള്ളുപനി ബാധിച്ചതായി കണ്ടെത്തിയത്.
തൊഴിലുറപ്പ് തൊഴിലാളിയായ ഇവരെ പനി മൂർച്ഛിച്ചതിനെ തുടർന്ന് ഒരാഴ്ച മുമ്പ് പള്ളിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എലിപ്പനിയാണെന്ന നിഗമനത്തിലാണ് ചികിത്സ നടത്തിയത്. അസുഖം ഭേദമായി വീട്ടിൽ തിരിച്ചെത്തുകയും ചെയ്തു.
എന്നാൽ രക്തസാമ്പിളുകൾ പരിശോധനയ്ക്കയച്ചതിന്റെ ഫലം വന്നപ്പോഴാണ് ബാധിച്ചത് ചെള്ളുപനിയാണെന്ന് ബോദ്ധ്യമായത്.
ആശുപത്രി അധികൃതർ ജില്ലാ മെഡിക്കൽ ഓഫീസറെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും രോഗവാഹകരായ ചെള്ളുകളെ കണ്ടെത്താനായില്ല. സമീപ വീടുകളിലും ഇവർക്കൊപ്പം തൊഴിലുറപ്പ് ജോലികളിലേർപ്പെട്ടവർക്കും പനി ബാധയുണ്ടോ എന്ന് നിരീക്ഷിച്ചു വരുന്നതായും ആശങ്കപ്പേടേണ്ടതില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
ജില്ലാ മലേറിയ ഓഫിസർ അനിൽകുമാർ, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് ഹെൽത്ത് ഇൻസ്പെക്ടർ ബി.സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ പുഷ്പലത, എസ്. ജോഷി,എൽ ടി അനിതകുമാരി,ഷീല പുഷ്കരൻ , ഡെറി ജെസ്റ്റിൻ എന്നിവരാണ് പ്രദേശത്ത് പരിശോധന നടത്തിയത്.
ചെള്ള് പനി
ഒറെൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയയാണ് ചെള്ളുപനി (സ്ക്രബ് ടൈഫസ്) പരത്തുന്നത്
എലികൾ പോലുള്ള സസ്തനികളിലും ചില ഉരഗങ്ങളിലും കാണപ്പെടുന്ന ഒരു തരം ചെള്ളിലാണ് പനിക്കു കാരണമാകുന്ന ബാക്ടീരിയ വളരുന്നത്. ഈ ചെള്ള് മനുഷ്യനെ കടിച്ചാൽ രോഗം പിടിപെടും
കടിയേറ്റ് 10 മുതൽ 12 ദിവസങ്ങൾ കഴിയുമ്പോഴാണ് രോഗലക്ഷണം കാണപ്പെടുന്നത്. കടിയേറ്റ ഭാഗത്ത് ചുവന്ന് തടിച്ച പാടുകൾ ഉണ്ടാകും. കക്ഷം, തുട, അടിവയർചേരുന്ന ഭാഗം, അരക്കെട്ട്, ജനനേന്ദ്രിയങ്ങൾ, കഴുത്ത് തുടങ്ങിയ ഭാഗങ്ങളിൽ ഇത്തരം പാടുകൾ ഉണ്ടാകും. ഇവ പിന്നീട് വ്രണമായി മാറും.
തുടക്കത്തിൽത്തന്നെ വൈദ്യസഹായം ലഭിച്ചില്ലെങ്കിൽ ശരീരത്തിന്റെ പ്രതിരോധശേഷി തകരാറിലാവുകയും ചിലപ്പോൾ മരണം സംഭവിക്കുകയും ചെയ്യും.
രോഗലക്ഷണങ്ങൾ
വിറയലോട് കൂടിയ പനി, തലവേദന, കണ്ണിന് ചുവപ്പ്, കഴലവീക്കം, പേശി വേദന, ചുമ എന്നിവയാണ് രോഗലക്ഷണങ്ങൾ.
സൂക്ഷിക്കുക
പുല്ലും പുൽച്ചെടികളും വെട്ടുന്നവർക്കും പുൽത്തകിടികളിൽ ഇരിക്കുന്നവർക്കും ഇത്തരം ചെള്ളുകടിയേൽക്കാൻ സാദ്ധ്യതയുണ്ട്. ഇത്തരം പ്രദേശങ്ങളിൽ ഇടപെഴകുന്ന എലി, അണ്ണാൻ, മുയൽ തുടങ്ങിയവയുടെ ശരീരത്തിൽ ചെള്ളുകൾ പ്രവേശിക്കാനും അവ മനുഷ്യരിലേക്ക് എത്തിപ്പെടാനും സാദ്ധ്യതയുണ്ട്.
വീട്ടുപരിസരത്തുള്ള പാഴ്ച്ചെടികൾ വെട്ടി വൃത്തിയാക്കണം. പുൽത്തകിടിയുമായി അടുത്തിടപഴകുന്നവർ ചെള്ള് കടിയേൽക്കാത്ത രീതിയിലുള്ള വസ്ത്രം ധരിക്കണം.