th

ഹരിപ്പാട്: പ്രളയം കഴി​ഞ്ഞ് ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും വീടുകളിൽ എത്തുന്നവർക്ക് നി​രവധി​ ദുരി​തങ്ങളാണ് നേരി​ടേണ്ടി​വരുന്നത്. പ്രദേശത്തെ ചെളിക്കെട്ടും വീടുകളുടെ ദുർബല സ്ഥിതിയും പ്രതി​കൂലാവസ്ഥയാണ്. ചെറുതനയിൽ മാത്രം മൂന്നോളം വീടുകളാണ് തകർച്ച നേരിടുന്നത്. ചെറുതന ആയാപാറമ്പ് 10ാം വാർഡിൽ കണ്ണോലിൽ അംബുജാക്ഷിയുടെ വീടിന്റെ ചുമര് ഇടിഞ്ഞു വീണു. 9ാം വാർഡിൽ വേലമ്പറമ്പിൽ ഓമനക്കുട്ടൻ, പുത്തൻ കണ്ടത്തിൽ ഓമന എന്നിവരുടെ വീടുകൾക്കും നാശനഷ്ടമുണ്ട്. മൂന്നു മുറികളും അടുക്കളയുമുള്ള അംബുജാക്ഷിയുടെ വീടിന്റെ ചുമര് ബുധനാഴ്ച പുലർച്ചെ 4 മണിയോടെയാണ് ഇടിഞ്ഞു വീണത്. ഈ സമയം വീട്ടിൽ 6 പേർ ഉണ്ടായിരുന്നെങ്കിലും എല്ലാവരും പരിക്കേൽക്കാതെ രക്ഷപെട്ടു. വെള്ളപ്പൊക്കത്തിൽ അടിഞ്ഞുകൂടിയ ചെളിയും കാൽനടയാത്രപോലും ദുസഹമാക്കുകയാണ്. ചെറിയ തോതിലുള്ള വെള്ളക്കെട്ട് ഇപ്പോഴും പല പ്രദേശങ്ങളിലും പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ദിവസങ്ങളോളം വെള്ളം കെട്ടി നിന്ന് മണ്ണ് ഇളകിയ നിലയിലായതാണ് വീടുകൾക്ക് നാശനഷ്ടം സംഭവിക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. നിരവധി വീടുകളുടെ ചുമരുക്കൾക്ക് പൊട്ടലുണ്ട്. പരിസര പ്രദേശവും വീടുകളും വെള്ളത്താൽ ചുറ്റപ്പെട്ടുകിടന്ന ഇരുപത്തെട്ടിൽ കടവ്, നാലുകെട്ടും കവല, പള്ളിപ്പാട് പ്രദേശത്തും സമാന സ്ഥിതിയാണുള്ളത്. ക്യാമ്പുകളിൽ നിന്നും എത്തിയ ആളുകൾ ഇപ്പോൾ വീടും പരിസരവും ശുചീകരിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുകയാണ്. തൊഴിലുറപ്പ് സ്ത്രീകളും വീട്ടുകാരും പരസ്പരം സഹകരിച്ചാണ് ചെളിയും അഴുക്കും നീക്കം ചെയ്യുന്നത്.

വേണം മുൻ കരുതൽ

ജലജന്യരോഗങ്ങളും പകർച്ചവ്യധികളും ഉണ്ടാകാതിരിക്കാൽ മുൻകരുതലായി പ്രതിരോധ മരുന്നുകൾ ആരോഗ്യ വകുപ്പ് പി.എച്ച് സെന്റർ വഴി വിതരണം ചെയ്ത് തുടങ്ങിയിട്ടുണ്ട്.

ഭയക്കണം ഇഴജന്തുക്കളെ

പ്രളയജലം ഇറങ്ങിയതോടെ കിഴക്കൻ വെള്ളത്തിൽ ഒഴുകിയെത്തിയ വിഷപാമ്പുകളെ ഭയക്കണം. കാരിച്ചാൽ ആമ്പക്കാട്ട് ഉണ്ണികൃഷ്ണന്റെ വീട്ടിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. പുലർച്ചെ വീടിനുള്ളിലേക്ക് കയറാൻ ശ്രമിക്കവേ നാട്ടുകാരാണ് ആദ്യം പാമ്പിനെ കണ്ടത്. ഏഴടിയോളം നീളമുള്ള പാമ്പിനെ നാട്ടുകാരും വീട്ടുകാരും ചേർന്ന് പിടി​കൂടി കോന്നി ഫോറസ്റ്റ് ഉദ്യോഗസ്ഥാർക്ക് കൈമാറി. ചൊവ്വാഴ്ച ഉച്ചയോടെ ഹരിപ്പാട് ആർ.കെ ജംഗ്ഷനു സമീപം വീടിനുള്ളിൽ നിന്ന് അണലി ഇനത്തിൽപ്പെട്ട പാമ്പിനെയും പിടികൂടി. ഹരിപ്പാട് പൊലീസ് എത്തി ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറി.

വീടുകളുടെ ഉത്തര കഴുക്കോലിലും ചുവരുകളുടെ ദ്വാരങ്ങളിലും വീട്ടിൽ ഉപേക്ഷിച്ചു പോന്ന വസ്ത്രങ്ങളുടെ അടിയിലും പാമ്പുകൾ അഭയം തേടാൻ സാധ്യതയുണ്ടെന്ന് ഫോറസ്റ്റ് അധികൃതർ പറയുന്നു.