g

ഹരിപ്പാട്: മനുഷ്യന്റെ നന്മയുടെയും സ്‌നേഹത്തിന്റെയും പ്രതീകമാണ് ജീവകാരുണ്യ പ്രവർത്തനങ്ങളെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ഹരിപ്പാട് ഗവ.ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ ഉച്ചഭക്ഷണം നൽകി വരുന്ന 'കരുതൽ' ഉച്ചയൂണ് കൂട്ടായ്മ നിർമിച്ചു നൽകിയ 19-ാമത്തെ വീടിന്റെ താക്കോൽ ദാന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരള സമൂഹത്തിന്റെ സഹജീവികളോടുളള സ്‌നേഹം പ്രളയകാലങ്ങളിൽ നാം തിരിച്ചറിഞ്ഞുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു. കരുതൽ ചെയർമാൻ ഷാജി.കെ.ഡേവിഡ് അദ്ധ്യക്ഷനായി. ഹരിപ്പാട് ശ്രീരാമകൃഷ്ണാശ്രമം സ്വാമി വീരഭദ്രാനന്ദ മഹാരാജ്, മലങ്കര ഓർത്തഡോക്സ് സഭാ മാവേലിക്കര ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസോബിയോസ് മെത്രാപോലീത്ത, ഹരിപ്പാട് ശാന്തിഗിരി ആശ്രമം ജനപ്രിയൻ ജ്ഞാന തപസ്വി എന്നിവർ ചേർന്ന് താക്കോൽദാനം നിർവഹിച്ചു. തൃക്കുന്നപ്പുഴ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം എം.എസ്.സൈഫുദീൻ മിസ്ബാഹി വിശിഷ്ടാഥിയായി. അഡ്വ.എം.ലിജു, മണി വിശ്വനാഥ്, ബബിതാ ജയൻ, സോമൻ ബേബി, ജിജു വർഗ്ഗീസ്, ശ്രീജിത്ത് പത്തിയൂർ, ഡി.സന്തോഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു.