photo

ചേർത്തല: ആലപ്പുഴ-തണ്ണീർമുക്കം റോഡിൽ മുഹമ്മ സി.എം.എസ് എൽ.പി സ്‌കൂളിനു സമീപം ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ മരം വീണ് ഡ്രൈവർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്. ആര്യക്കര ഓട്ടോ സ്​റ്റാൻഡിലെ ഡ്രൈവർ മുഹമ്മ ചെങ്ങളക്കാട്ട് സുബീഷ് (38), യാത്രക്കാരായ മുഹമ്മ മങ്കുഴിവെളി പ്രഭാഷാജി (43), കോയിക്കാശേരി തിലോത്തമ (50), മണിയമ്മ (68) എന്നിവർക്കാണ് പരിക്കേ​റ്റത്. ഇവർ മുഹമ്മ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി.

ഇന്നലെ വൈകിട്ട് 3.15 ഓടെയാണ് സംഭവം. ശക്തമായ മഴയിൽ മണ്ണിളകി മരം കടപുഴകി ഓട്ടോയ്ക്ക് മേൽ പതിക്കുകയായിരുന്നു. സുബീഷിന്റെ കാലിനും പ്രഭാ ഷാജിയുടെ തോളെല്ലിനുമാണ് പരിക്കേറ്റത്. മുഹമ്മ പൊലീസും ചേർത്തലയിൽ നിന്നുള്ള അഗ്നിശമന സേനയും എത്തി മരം മുറിച്ചു മാ​റ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. ഓട്ടോയുടെ മുൻവശം ഭാഗികമായി തകർന്നു. 25,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കഴിഞ്ഞ ആഴ്ച മുഹമ്മയ്ക്ക് ഏതാനും കിലോമീ​റ്റർ അകലെ മുട്ടത്തിപ്പറമ്പിൽ മരം വീണ് ഒരു യുവാവ് മരിച്ചിരുന്നു. ആലപ്പുഴ-തണ്ണീർമുക്കം റോഡിൽ മണ്ണഞ്ചേരിക്കും തണ്ണീർമുക്കത്തിനുമിടയിൽ ഇത്തരത്തിൽ അപകടങ്ങൾക്ക് കാരണമായേക്കാവുന്ന മരങ്ങൾ ഇനിയുമുണ്ട്. ഇവ വെട്ടിമാറ്റൻ അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.