crime

കായംകുളം: കായംകുളത്ത് ബാറിനു മുന്നിലുണ്ടായ സംഘർഷത്തിനിടെ കരീലക്കുളങ്ങര കരുവറ്റുംകുഴി പുത്തൻപുരയ്ക്കൽ താജുദീന്റെ മകൻ ഷമീർ ഖാനെ (25) കാർ കയറ്റിക്കൊന്നത്, പൊലീസിന്റെ പിടിയിലുള്ള ഷിയാസ് (21) ആണെന്ന് വ്യക്തമായി. ഒളിവിൽ പോയ രണ്ടുപ്രതികളിൽ ഒരാളായ അജ്മലാണ് കൊലപാതകം നടത്തിയത് എന്നായിരുന്നു ഇയാൾ ആദ്യം പൊലീസിനോടു പറഞ്ഞത്. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ ഷിയാസ് കുറ്റം സമ്മതിക്കുകയായിരുന്നു.

വാക്കേറ്റത്തിനിടയിൽ ഷമീർഖാനെ ബിയർ കുപ്പികൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം കാർ ഓടിച്ചുപോയ മൂന്നംഗ സംഘം വേഗത്തിൽ തിരികെ വന്നു. അപ്പോഴും ഷമീർ ഖാൻ നിലത്ത് കിടക്കുകയായിരുന്നു. തുടർന്ന് ഹെഡ് ലൈറ്റ് അണച്ച ശേഷം പരമാവധി വേഗത്തിൽ സ്വിഫ്റ്റ് കാർ ഓടിച്ച് തലയിലൂടെ കയറ്റിയിറക്കുകയായിരുന്നെന്ന്‌ ഷിയാസ് മൊഴി നൽകി. ഒളിവിൽ പോയ പ്രതികൾക്ക് പുറത്തുനിന്നുള്ള സഹായം ലഭിക്കുന്നുണ്ടെന്ന്‌ പൊലീസ് സംശയിക്കുന്നു. കിളിമാനൂരിൽ നിന്നു രക്ഷപ്പെട്ട അജ്മലിന്റെയും സഹീലിന്റെയും മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ അവസാനത്തെ ടവർ ലൊക്കേഷൻ കാണിക്കുന്നത് എറണാകുളമാണ്. അവിടത്തെ ക്രിമിനൽ സംഘത്തിന്റെ സഹായവും ഇവർക്ക് ലഭിക്കുന്നുണ്ടെന്നാണ് കരുതുന്നത്. കിളിമാനൂരിൽ നിന്ന് ടവർ ലൊക്കേഷനുകൾ അതിവേഗം മാറുകയായിരുന്നു. ഇതാണ് സഹായം ലഭിക്കുന്നുണ്ടെന്ന് കരുതാൻ കാരണം. പണവും വാഹന സൗകര്യവും പ്രതികൾക്ക് ലഭ്യമാകുന്നുണ്ടെന്നും സംശയിക്കുന്നു.

ഇന്നലെ കായംകുളത്തുള്ള ഒരു യുവാവുമായി ഇവർ ഫോണിൽ ബന്ധപ്പെട്ട് സ്ഥിതിഗതികൾ ആരാഞ്ഞിരുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്തു. ഇവരെല്ലാം കഞ്ചാവ് കേസുകളിൽ പ്രതികളാണെന്നും പൊലീസ് പറഞ്ഞു. ഇന്നലെ വൈകിട്ടോടെ ഫോണുകൾ സ്വിച്ച് ഓഫ് ആയി. ഇത് പൊലീസിനെ കുഴയ്ക്കുന്നുണ്ട്. ജില്ലാ പൊലീസ് മേധാവി കെ.എം. ടോമി, കായംകുളം ഡിവൈ.എസ്.പി ആർ.ബിനു, സി.ഐ. കെ. വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.