മാവേലിക്കര: പീറ്റ് മെമ്മോറിയൽ ട്രെയിനിംഗ് കോളേജ് വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 27ന് രാവിലെ 10ന് മന്ത്രി ജി.സുധാകരൻ നിർവ്വഹിക്കും.
മാവേലിക്കരയിൽ എത്തിയ സി.എം.എസ് മിഷനറിയായിരുന്ന ഫാ. ജോസഫ് പീറ്റിന്റെ നാമധേയത്തിൽ അദ്ദേഹത്തിന്റെ ബംഗ്ലാവിൽ സി.എസ്.ഐ മദ്ധ്യ കേരള മഹായിടവക 1960ൽ സ്ഥാപിച്ചതാണ് മാവേലിക്കര പീറ്റ് മെമ്മോറിയൽ ട്രെയിനിംഗ് കോളേജ്. കേരള സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്ത് ബിഎഡ്, എംഎഡ് അദ്ധ്യാപക പരിശീലന കോഴ്‌സുകൾ നടത്തുന്ന സ്ഥാപനം ജില്ലയിലെ ഏക എയ്ഡഡ് ട്രെയിനിംഗ് കോളേജാണ്. എൻ.സി.ടി.ഇ അംഗീകാരമുള്ള സ്ഥാപനം 2016ൽ നാക് എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്. അനേകം റാങ്ക് ജേതാക്കൾക്ക് ജന്മം നൽകിയിട്ടുള്ള കോളേജിലെ വിദ്യാർത്ഥകൾക്കായിരുന്നു 2017ൽ കേരള സർവ്വകലാശാലയുടെ എംഎഡ് പരീക്ഷയിൽ ഒന്നും രണ്ടും റാങ്കുകൾ ലഭിച്ചത്. പാഠ്യേതര പ്രവർത്തനങ്ങളിലും മകവ് പുലർത്തുന്ന കോളേജ് 1990ൽ രംഗോൽസവ് എന്ന പേരിൽ ആരംഭിച്ച ഇന്റർ യൂണിവേഴ്‌സിറ്റി ട്രെയിനിംഗ് കോളേജ് ആർട്ട് ഫെസ്റ്റിവൽ ഇന്നും മുടക്കമില്ലാതെ നടക്കുന്നുണ്ട്.
സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയുടെ അദ്ധ്യക്ഷനായിരുന്ന ബിഷപ്പ് എം.എം. ജോൺ ആയിരുന്നു കോളേജിന്റെ സ്ഥാപക മാനേജർ. സി.എസ്.ഐ സഭയുടെ മോഡറേറ്ററും മദ്ധ്യകേരള മഹായിടവകയുടെ അദ്ധ്യക്ഷനുമായ ബിഷപ്പ് തോമസ് കെ.ഉമ്മനാണ് മാനേജർ. ഫാ. ഡോ. സാം ടി.മാത്യു ബർസാർ ആയും ഡോ.ജിബി ജോർജ്ജ് പ്രിൻസിപ്പലായും പ്രവർത്തിക്കുന്നു.