പപ്പും പടലും ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനെതിരെ നടപടി
പൂച്ചാക്കൽ : മത്സ്യ സമ്പത്തിന് ഭീഷണിയായി കൈതപ്പുഴ കായലിന്റെ ഇരുകരകളിലും വേമ്പനാട്ട് കായലിന്റെ പടിഞ്ഞാറൻ മേഖലകളിലും പപ്പും പടലും ഉപയോഗിച്ചുള്ള അനധികൃത മത്സ്യബന്ധനം വ്യാപകമാകുന്നു . പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളുടെ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ തൈക്കാട്ടുശ്ശേരി,പാണാവള്ളി പ്രദേശങ്ങളിൽ വള്ളത്തിൽ പട്രോളിംഗ് നടത്തിയപ്പോൾ ഇരുന്നൂറിലധികം സ്ഥലങ്ങളിൽ പപ്പും പടലും ഉപയോഗിച്ച് അനധികൃതമായി മത്സ്യബന്ധനം നടത്തുന്നതായി കണ്ടെത്തി.
നിരോധിക്കപ്പെട്ട മത്സ്യബന്ധന രീതികൾ പിന്തുടരുന്നതു കാരണം വേമ്പനാട്ടുകായലിലും കൈതപ്പുഴ കായലിലും മത്സ്യ സമ്പത്തിന് കുറവുണ്ടാകുന്നുണ്ട്. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പരാതിയെത്തുടർന്നാണ് ഫിഷറീസ് വകുപ്പ് പരിശോധന ഊർജിതമാക്കിയത്. പപ്പും പടലും ഉപയോഗിച്ചുള്ള മത്സയബന്ധനരീതി മീനുകളുടെ ലാർവ വരെ നശിക്കാനിടയാക്കും.
അരൂക്കുറ്റി,പാണാവള്ളി, തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം,വയലാർ, കുത്തിയതോട്, കോടംതുരുത്ത് എന്നീ പഞ്ചായത്തുകളിലാണ് അശാസ്ത്രീയ മത്സ്യ ബന്ധനം നടക്കുന്നത്. തേവർവട്ടം മത്സ്യഭവൻ സബ് ഇൻസ്പെക്ടർ കെ ജെ പൊന്നമ്മ,സിന്ധുരാജ്, സീനിയർ മെക്കാനിക്കൽ ഇൻസ്ട്രക്ടർ മധു ടി പി എന്നിവർ ഫിഷറീസ് വകുപ്പിന്റെ പട്രോളിംഗിൽ പങ്കെടുത്തു.
പപ്പും പടലും
മരച്ചില്ലകളും മറ്റും കായലിൽ കെട്ടിയിട്ടു കൃത്രിമമായി മത്സ്യങ്ങൾക്ക് വാസഗൃഹമൊരുക്കുകയും അവ മുട്ടയിടുന്ന സമയം നോക്കി വലയിട്ടു കോരിയെടുക്കുകയും ചെയ്യുന്ന രീതിക്ക് പപ്പും പടലുമെന്നാണ് പേര്. സർക്കാർ സ്ഥാപനങ്ങളുടെ മത്സ്യ ഗവേഷണത്തിനു മാത്രം അനുവദിച്ചിട്ടുള്ള രീതിയാണിത്.
അനധികൃത മത്സ്യബന്ധന രീതികൾ
മടവട, മുള, തടി, കമ്പികൾ എന്നിവയിൽ തീർത്ത പെരുങ്കൂട്, 20 എംഎമ്മിൽ കുറവ് കണ്ണി വലുപ്പമുള്ള വലകൾ,പപ്പും പടലും എന്നിവ കൊണ്ടും നഞ്ചോ മറ്റു വിഷമോ തോട്ടയോ വൈദ്യുതിയോ ഉപയോഗിച്ചുമുള്ള മത്സ്യബന്ധനം നിരോധിച്ചിട്ടുള്ളതാണ്.
ഇവ ലംഘിച്ചു മത്സ്യബന്ധനം നടത്തിയാൽ മൂന്നു മുതൽ ആറു വരെ മാസം തടവും 10,000 മുതൽ 15,000 രൂപ വരെ പിഴയും ലഭിക്കാം. കടലിലാകട്ടെ ട്രോളിംഗ് നിരോധന സമയത്തെങ്കിലും മത്സ്യബന്ധനത്തിനു നിയന്ത്രണമുണ്ട്.എന്നാൽ കായലിൽ യാതാരു നിയന്ത്രണവുമില്ലാതെയാണ് മത്സ്യബന്ധനം. ഫിഷറീസ് വകുപ്പ് അധികൃതർ വല്ലപ്പോഴും നടത്തുന്ന റെയ്ഡ് കൊണ്ടു കാര്യമായ ഫലമുണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
'' കണ്ടെത്തിയ പപ്പും പടലും നിശ്ചിത സമയത്തിനുള്ളിൽ നീക്കം ചെയ്തില്ലെങ്കിൽ ഇത് സ്ഥാപിച്ചവരിൽ നിന്ന് പിഴ ഈടാക്കും
കെ.ജെ.പൊന്നമ്മ
തേവർവട്ടം മത്സ്യഭവൻ സബ് ഇൻസ്പെക്ടർ