കായംകുളം: കായംകുളത്ത് ബാറിനു മുന്നിലെ സംഘർഷത്തിനിടെ യുവാവിനെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന രണ്ടു പ്രതികളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യത്തിൽ നേരിട്ട് പങ്കാളികളായ കായംകുളം പുത്തൻകണ്ടത്തിൽ അജ്മൽ (20), കൊറ്റുകുളങ്ങര മേനാന്തറയിൽ സഹീൽ (19) എന്നിവരാണ് ഇന്നലെ തമിഴ്നാട്ടിലെ സേലത്ത് പിടിയിലായത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായി.
പ്രതികളുടെ മൊബൈൽ ഫോൺ കാളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇന്നലെ പുലർച്ചെ രണ്ടോടെയാണ് സേലം റെയിൽവേ സ്റ്റേഷനിൽ ബംഗളൂരു - കന്യാകുമാരി ഐലൻഡ് എക്സ്‌പ്രസ് ട്രെയിനിൽ നിന്ന് നു അജ്മലിനെയും സഹീലിനെയും പിടികൂടിയത്. ട്രെയിനിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെയും ആർ.പി.എഫിന്റെയും സഹായത്തോടെ കായംകുളം എസ്.ഐ കെ. സുനുമോനും സംഘവും സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്‌ച വൈകിട്ടാണ് കരീലക്കുളങ്ങര കരുവറ്റുംകുഴി പുത്തൻപുരയ്ക്കൽ താജുദീന്റെ മകൻ ഷെമീർഖാനെ (25) പ്രതികൾ കാറിടിച്ചു വീഴ്ത്തിയശേഷം തലയിലൂടെ ടയർ കയറ്റി ക്രൂരമായി കൊലപ്പെടുത്തിയത്.
പ്രതികൾക്ക് പണവും വാഹനവും ഒളിത്താവളവും ഒരുക്കിയ കായംകുളം സ്വദേശി ഫഹദിനെ വടക്കൻ പറവൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുഖ്യ പ്രതി ഐകൃജംഗ്ഷൻ വലിയ വീട്ടിൽ ഷിയാസ് (21) നേരത്തേ അറസ്റ്റിലായിരുന്നു.
കായംകുളത്ത് നിരവധി കവർച്ച കേസുകളിൽ പ്രതിയായ ഫഹദ് ഇവരുടെ സംഘത്തിൽപ്പെട്ടയാളാണ്. പ്രതികൾക്ക് പുതിയ മൊബൈൽ ഫോണുകളും പണവും രക്ഷപ്പെടാൻ വാഹനവും ഒരുക്കിയത് ഇയാളായിരുന്നു. കിളിമാനൂരിൽ പൊലീസ് വലയിൽ നിന്ന് രക്ഷപ്പെട്ട അജ്മലും സഹീലും പിന്നീട് എറണാകുളത്തും ബംഗളൂരുവിലും എത്തിയെങ്കിലും പൊലീസ് പിറകെയുണ്ടെന്നു മനസിലാക്കി സുരക്ഷിത സ്ഥലം തേടി കേരളത്തിലേക്കു മടങ്ങി. ഫഹദ് നൽകിയ ഫോണുകളുടെ നമ്പർ തിരിച്ചറിഞ്ഞ പൊലീസ് മൊബൈൽ ടവർ ലൊക്കേഷൻ മനസിലാക്കി പിൻതുടരുകയായിരുന്നു.
ഒളിവിൽ പോയ ശേഷം കായംകുളത്തുള്ള രണ്ടുപേരുമായി പ്രതികൾ ഫോണിൽ ബന്ധപ്പെട്ട് സ്ഥിതിഗതികൾ അന്വേഷിച്ചിരുന്നു. ക്രിമിനൽ സംഘത്തിൽപ്പെട്ട ഇവരെയും പൊലീസ് ചോദ്യം ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങും, ജില്ലാ പൊലീസ് മേധാവി കെ.എം. ടോമി, കായംകുളം ഡിവൈ.എസ്.പി ആർ.ബിനു, സി.ഐ. കെ. വിനോദ്, എസ്.ഐ കെ. സുനുമോൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം .