s

വരണം ചെങ്ങന്നൂർ റെയി​ൽപ്പാത

മാന്നാർ: നാലു ജി​ല്ലകൾക്ക് പ്രയോജനം ചെയ്യുന്ന ചെങ്ങന്നൂർ - തി​രുവനന്തപുരം റെയി​ൽപ്പാത വേണമെന്ന ആവശ്യം വീണ്ടും ഉയരുന്നു. എം.സി​. റോഡി​ന് സമാന്തരമായി​ വരുന്ന, ലക്ഷക്കണക്കി​ന് പേർക്ക് ഗുണകരമാകുന്ന പാത മദ്ധ്യതി​രുവി​താംകൂറി​ന്റെ മുഖച്ഛായ തന്നെ മാറ്റുന്നതാണ്.

ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ അൻപതിൽപ്പരം പഞ്ചായത്തുകളും ഏഴ് താലൂക്ക് ആസ്ഥാനങ്ങളും പാതയുടെ പരിധിയിൽ വരും. ചെങ്ങന്നൂരിൽ നിന്നും 120 കിലോമീറ്റർ ദൂരം വരുന്നതാണ് പാത.
സംസ്ഥാനത്തെ പ്രമുഖ മാർക്കറ്റുകളായ ചെങ്ങന്നൂർ , പറക്കോട് എന്നിവി​ടങ്ങളിലെ മലഞ്ചരക്കുകളും മറ്റും എത്തുന്നത് റോഡു മാർഗമാണ്. തമിഴ്നാട് ,ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് നിത്യേന അനേകം ചരക്കു ലോറികൾ ഇവിടെയുള്ള മാർക്കറ്റുകളിൽ എത്തുന്നത് ദിവസങ്ങൾക്കൊണ്ടാണ്. നിർദ്ദിഷ്ട ലൈൻ വന്നാൽ റെയിൽവേയ്ക്ക് വലി​യ സാമ്പത്തിക നേട്ടവും ഉണ്ടാകും.

ശബരിമല തീർത്ഥാടന കാലത്ത് പന്തളത്തേക്ക് അന്യസംസ്ഥാനങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് അയ്യപ്പഭക്തരാണ് ദിനംപ്രതി എത്തുന്നത്. ചെങ്ങന്നൂർ- പന്തളം വഴി തിരുവനന്തപുരത്തേക്ക് തീവണ്ടിപ്പാത ഉണ്ടായാൽ ശബരിമല തീർത്ഥാടകർക്കും ഏറെ പ്രയോജനം ചെയ്യും. തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള സ്റ്റേഷനാണ് ചെങ്ങന്നൂർ. റെയിൽവേയ്ക്ക് കോടികളുടെ വരുമാനം നേടിക്കൊടുക്കുന്ന ഈ സ്റ്റേഷനെ ആശ്രയിക്കുന്ന യാത്രക്കാരിൽ ഏറെയും ആറന്മുള, പന്തളം ,അടൂർ, കൊട്ടാരക്കര, പത്തനാപുരം, പുനലൂർ, അഞ്ചൽ മേഖലകളിൽ നിന്നുള്ളവരാണ്.
പന്തളം, കൊട്ടാരക്കര, കിളിമാനൂർ വഴി തിരുവനന്തപുരത്തെത്തുന്ന പാത പ്രധാനമായും നാലു ജില്ലകൾക്ക് നേരിട്ട് പ്രയോജനം ചെയ്യും.

ഭക്തർക്ക് ആശ്വാസമാകും

ചെങ്ങന്നൂർ മഹാദേവക്ഷേത്രം, പ്രസിദ്ധ പഞ്ചപാണ്ഡവ ക്ഷേത്രങ്ങളായ തൃച്ചിറ്റാറ്റ്, തൃപ്പുലിയൂർ ,തിരുവൻവണ്ടൂർ, പരുമല പള്ളി , പന്തളം വലിയകോയിക്കൽ ക്ഷേത്രം, കൊട്ടാരക്കര ഗണപതി ക്ഷേത്രം, ചടയമംഗലം ജഡായുക്ഷേത്രം തുടങ്ങിയ പ്രസിദ്ധ ക്ഷേത്രങ്ങളിലേക്കും വിവിധ ക്രിസ്തീയ ദേവാലയങ്ങളിലേക്കും എത്തുന്ന ഭക്തജനങ്ങൾക്ക് പുതിയ റെയിൽ പാത ഗുണം ചെയ്യും.

പ്രയോജനങ്ങൾ

ശബരി​ല തീർത്ഥാടകർക്ക് പ്രയോജനം ചെയ്യും

റെയി​ൽവേയ്ക്ക് സാമ്പത്തി​ക നേട്ടം

പ്രമുഖമാർക്കറ്റുകളി​ൽ ചരക്കുനീക്കം സുഗമമാകും

ഫ്ളാഷ് ബാക്ക്...
രണ്ടര പതിറ്റാണ്ടു മുമ്പ് നിർദ്ദിഷ്ട പാതയ്ക്കായി​ ആവശ്യം ഉയർന്നിരുന്നു. തുടർന്ന് 2005ൽ ലൊക്കേഷൻ സർവേ പൂർത്തിയാക്കി കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കുകയും 2006 ലെ റെയിൽവ ബഡ് ജറ്റിൽ നിർമ്മാണം സംബന്ധിച്ച പ്രഖ്യാപനം വന്നു.ലൈൻനി​ർമാണം ഉടൻ ആരംഭിക്കുമെന്ന് അന്നത്തെ റെയിൽ മന്ത്രിയായ ലാലു പ്രസാദ് യാദവ് ഉറപ്പു നൽകിയി​രുന്നു. പിന്നീട് പല തവണ ഇത് സംബന്ധിച്ച ചർച്ചകൾ വിവിധ കോണുകളിൽ നടന്നെങ്കിലും തുടർ നടപടി ചുവപ്പുനാടയിൽ കുരുക്കുകയായിരുന്നു ,ഇതിനിടെ മാർ ജോർജ് തെക്കേടത്തിന്റെ നേതൃത്വത്തിലുള്ള ഗാന്ധിയൻ നവ ശക്തി സംഘവും വിവിധ സാമൂഹ്യ-സാംസ്‌കാരിക സംഘടനകളും നിർദ്ദിഷ്ട പാത യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിരുന്നു . ഇതിനിടെ മധ്യതിരുവിതാംകൂർ പ്രദേശങ്ങൾ കേന്ദ്രീകരിച്ച മലയോര തീവണ്ടിപ്പാതയ്ക്കും മറ്റും മുറവിളി ഉയർന്നപ്പോൾ ആദ്യം സർവേ പൂർത്തിയാക്കിയ ചെങ്ങന്നൂർ - പന്തളം -തിരുവനന്തപുരം റെയിൽപാത വിസ്മൃതിയിലാവുകയായിരുന്നു.

120

ചെങ്ങന്നൂരിൽ നിന്നും 120 കിലോമീറ്റർ ദൂരം താണ്ടുന്നതാണ് പാത.