കൊല ബാറിൽ വച്ച് മർദ്ദിച്ച ശേഷം രണ്ടു പേർ പിടിയിൽ
അമ്പലപ്പുഴ: യുവാവിനെ നാലംഗ സംഘം ബാറിൽ വച്ച് മർദ്ദിച്ച ശേഷം സ്കൂട്ടറിൽ കയറ്റിക്കൊണ്ടു പോയി കൊന്ന് കല്ലുകെട്ടി കടലിൽ താഴ്ത്തി. പറവൂർ രണ്ടുതൈ വെളിയിൽ മനോഹരന്റെ മകൻ കാകൻ മനു എന്ന് വിളിക്കുന്ന മനു (27) ആണ് കൊല്ലപ്പെട്ടത്. അക്രമിസംഘത്തിലെ പുന്നപ്ര വടക്കു പഞ്ചായത്ത് രണ്ടാം വാർഡിൽ തൈപറമ്പിൽ അപ്പാപ്പൻ പത്രോസ് (28), വടക്കേ തയ്യിൽ സൈമൺ മൈക്കിൾ (29) എന്നിവരെ പുന്നപ്ര പൊലീസ് പിടികൂടി. മറ്റ് പ്രതികളും പുന്നപ്ര സ്വദേശികളുമായ വിപിൻ, ഓമനക്കുട്ടൻ എന്നിവർ ഒളിവിലാണ്. മുൻ വൈരാഗ്യമാണ് കൊലയ്ക്ക് കാരണം. വിവിധ സ്റ്റേഷനുകളിൽ അക്രമക്കേസുകളുള്ള മനുവിനെതിരെ കാപ്പ ചുമത്താനിരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ 19 മുതൽ മനുവിനെ കാണാനില്ലായിരുന്നു. പിതാവ് മനോഹരൻ ആദ്യം മണ്ണഞ്ചേരി പൊലീസിലും തുടർന്ന് പുന്നപ്ര പൊലീസിലും പരാതി നൽകി. പൊലീസ് അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. സൈമൺ മൈക്കിളിന്റെ സഹോദരനെ മനു മുമ്പ് മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഈ കേസിന്റെ വിചാരണ നടന്നുവരികയാണ്. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് : 19ന് പറവൂരിലെ ബാറിൽ മദ്യപിക്കുന്നതിനിടെ മനുവും പ്രതികളുമായി വാക്കേറ്റമുണ്ടായി. ബാറിൽ നിന്ന് പുറത്തിറങ്ങിയ മനുവിനെ പിന്നാലെയെത്തിയ സംഘം ക്രൂരമായി മർദ്ദിച്ചു. കല്ലു കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു. തുടർന്ന് അവശനായ മനുവിനെ സംഘം ആക്ടിവ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി. പ്രതികളിലൊരാളായ വിപിനാണ് സ്കൂട്ടർ ഓടിച്ചത്. മറ്റൊരു പ്രതിയായ ഓമനക്കുട്ടൻ പിറകിലിരുന്ന് മനുവിനെ താങ്ങിപ്പിടിച്ചു. പറവൂർ പടിഞ്ഞാറ് കടപ്പുറത്ത് എത്തിയ സംഘം മനുവിനെ വീണ്ടും മർദ്ദിച്ച് മരണം ഉറപ്പിച്ച ശേഷം ശരീരത്തിൽ കല്ല് കെട്ടി കടലിൽ താഴ്ത്തുകയായിരുന്നു. പൊന്തുവള്ളത്തിൽ കയറ്റിയാണ് കടലിൽ കൊണ്ടിട്ടത്.
മനു അവിവാഹിതനാണ്. മാതാവ് :ആനന്ദ. സഹോദരി :മഞ്ജു. നേരത്തേ പറവൂരിൽ താമസിച്ചിരുന്ന അനുവും കുടുംബവും ഇപ്പോൾ മണ്ണഞ്ചേരി അമ്പനാകുളങ്ങരയിലാണ് താമസം. പറവൂരിലുള്ള സഹോദരിയുടെ വീട്ടിലെത്തിയശേഷമാണ് മനു ബാറിലെത്തിയത്.
സഹായകമായത്
സി.സി ടിവി ദൃശ്യം
സംഘം മനുവിനെ മർദ്ദിക്കുന്നതിന്റെയും സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോകുന്നതിന്റെയും ദൃശ്യങ്ങൾ ബാറിലെ സി.സി ടിവി കാമറയിൽ നിന്ന് ഡിവൈ.എസ്.പി പി.വി.ബേബിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കണ്ടെത്തി. ഇതാണ് അന്വേഷണത്തിന് സഹായകമായത്. കടലിൽ താഴ്ത്തിയ ഭാഗത്ത് കോസ്റ്റ് ഗാർഡിന്റെയും മത്സ്യത്തൊഴിലാളികളുടെയും ബോട്ടുകൾ തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല.