johan

ചേർത്തല : കുടുംബത്തോടൊപ്പം കാറിൽ സഞ്ചരിച്ച ബാലൻ അപകടത്തിൽ വയറ്റിൽ സീറ്റ് ബെൽറ്റ് മുറുകി മരിച്ചു. കാഞ്ഞിരപ്പള്ളി കിഴക്കേ തലയ്ക്കൽ തോമസ് ജോർജിന്റെ മകൻ ജോഹനാണ് (7) ദാരുണാന്ത്യമുണ്ടായത്. ഇവരുടെ കാർ തടി കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. തോമസ് ജോർജ് (36), ഭാര്യ മറിയം (32), ഇളയ മകൾ ദിയ (4) എന്നിവർക്കും പരിക്കേറ്റു. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തോമസ് ജോർജും കുടുംബവും ചെന്നൈയിൽ നിന്ന് കാറിൽ ആലപ്പുഴയിലെ ഭാര്യാ വസതിയിലേക്ക് വരുമ്പോൾ ദേശീയപാതയിൽ തിരുവിഴയിൽ ഇന്നലെ പുലർച്ചെ 3.30നായിരുന്നു അപകടം. തമിഴ്നാട് മാർത്താണ്ഡത്തു നിന്ന് പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന തടിലോറിയുമായാണ് കാർ കൂട്ടിയിടിച്ചത്. അഗ്നിശമനസേനയും പൊലീസും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ജോഹൻ സംഭവ സ്ഥലത്ത് മരിച്ചു.

കുട്ടികൾ ഇരുവരും കാറിന്റെ പിൻ സീറ്റിലായിരുന്നു. എയർബാഗ് ഉണ്ടായിരുന്നതിനാലാണ് മുൻ സീറ്റിലിരുന്ന മാതാപിതാക്കൾ രക്ഷപ്പെട്ടത്. ജോഹന്റെ ശരീരത്തിൽ സീറ്റ് ബൽറ്റ് മുറുകിയ പാടുകൾ പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് മാരാരിക്കുളം പൊലീസ് പറഞ്ഞു.

പ്രമുഖ ബെഡ് നിർമ്മാതാക്കളായ ഡ്യൂറോഫ്ലക്സിന്റെ എം.ഡി.ജോർജ് മാത്യുവിന്റെ മകളാണ് ജോഹന്റെ അമ്മ മറിയം. ബന്ധുവിട്ടീൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാനാണ് ചെന്നൈയിൽ താമസിക്കുന്ന കുടുംബം ആലപ്പുഴയിലേക്ക് തിരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം പിന്നീട്.